സമുദായ ഐക്യം നിലനില്‍പ്പിന് അനിവാര്യം: പ്രഫ. രാജീവ് കൊച്ചുപറമ്പില്‍
1591632
Sunday, September 14, 2025 11:13 PM IST
പാലാ: കത്തോലിക്ക സമുദായം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും അല്ലാത്തപക്ഷം സമുദായത്തിന് നിലനില്‍പ്പില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ പാലാ രൂപതയിലെ യൂണിറ്റ്, ഫൊറോന, രൂപത ഭാരവാഹികള്‍ക്കായി "സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്' എന്ന വിഷയം ആസ്പദമാക്കി നടത്തിയ നേതൃത്വ പരിശീലന ശില്പശാല ഭരണങ്ങാനം മാതൃഭവനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അതിരുകടക്കുന്നു. ന്യൂനപക്ഷ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നു. റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ വിലത്തകര്‍ച്ച നേരിടുന്നു. പ്രതിസന്ധികളില്‍ സമുദായം ഒന്നിച്ചു നില്‍ക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം വിലയിരുത്തി.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ആമുഖ സന്ദേശം നല്കി. തുടര്‍ന്നു നടന്ന പരിശീലന ക്ലാസുകള്‍ക്ക് ഡോ. എം. പീറ്റര്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പ്രഫ. ജോസുകുട്ടി ഒഴുകയില്‍ എന്നിവര്‍ നേതൃത്വം നല്കി.
ഗ്ലോബല്‍ ഭാരവാഹികളായ ടോണി പുഞ്ചക്കുന്നേല്‍, ആന്‍സമ്മ സാബു, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍, രൂപത ഭാരവാഹികളായ ജോസ് വട്ടുകുളം, ജോയി കെ. മാത്യു, സി. എം. ജോര്‍ജ്, പയസ് കവളംമാക്കല്‍, ജോണ്സണ് ചെറുവള്ളി, ടോമി കണ്ണീറ്റുമ്യാലില്‍, ബെന്നി കിണറ്റുകര, രാജേഷ് പാറയില്‍, ജോബിന് പുതിയിടത്തുചാലില്‍, എഡ്വിന് പാമ്പാറ, ലിബി മണിമല, അരുണ്‍ പോള്‍, ക്ലിന്റ് അരീപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.