ക​ടു​ത്തു​രു​ത്തി; ക​ടു​ത്തു​രു​ത്തി - ആ​പ്പൂ​ഴ തീ​ര​ദേ​ശ റോ​ഡി​ല്‍ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാഴാകുന്നു. ത​ക​ര്‍​ന്നുകി​ട​ക്കു​ന്ന റോ​ഡി​നെ കൂ​ടു​ത​ല്‍ ത​ക​ര്‍​ച്ച​യി​ലാ​ക്കി​യാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ട​ല്‍. റെ​യി​ല്‍​വേ മേ​ല്‍​പ്പാല​ത്തി​നു സ​മീ​പ​ത്താ​ണ് ദി​വ​സ​ങ്ങ​ളാ​യി പൈ​പ്പ് പൊ​ട്ടി ജലം ഒഴുകുന്നത്. ഈ ​ഭാ​ഗ​ത്ത് ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് പൈ​പ്പ് പൊ​ട്ടു​ന്ന​ത്. ഇതോടെ റോ​ഡി​ല്‍ വ​ലി​യ ഗ​ര്‍​ത്തം രൂ​പ​പ്പെട്ടു.

ദി​വ​സം ചെ​ല്ലുന്തോ​റും പു​റ​ത്തേ​ക്ക് ഒഴുകുന്ന വെ​ള്ള​ത്തി​ന്‍റെ ശ​ക്തി വ​ര്‍​ധിച്ചുവ​രി​ക​യാ​ണ്. ഇ​ത് ഇ​നി​യും വ​ര്‍​ധി​ച്ചാ​ല്‍ റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്കും കാ​ര​ണ​മാ​കും. ഈ ​ഭാ​ഗ​ത്ത് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ഴി​ക​ള്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക് അ​പ​ക​ട​ക്കെണി​യാണ്. മീ​റ്റ​റു​ക​ളോ​ളം ദൂ​ര​ത്തി​ല്‍ വെ​ള്ളം കെ​ട്ടിനി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കാൽനടയാത്ര പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

തീ​ര​ദേ​ശ റോ​ഡി​ൽ സ്ഥാപിച്ച വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പു​തി​യ പൈ​പ്പ് ലൈ​നി​ല്‍ ഇ​തി​നോ​ട​കം പല സ്ഥലത്തും പൊ​ട്ടിയി​ട്ടു​ണ്ട്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കു​ഴി​യെ​ടു​ത്ത​തോ​ടെ​യാ​ണ് റോഡിന്‍റെ തകർച്ച തുടങ്ങിയത്.