വര്‍ഷങ്ങള്‍ക്കു ശേഷം തുറന്ന ലാറ്റക്സ് ഫാക്ടറി പൂട്ടിക്കാന്‍ ശ്രമം
1591633
Sunday, September 14, 2025 11:13 PM IST
പാലാ: കരൂരുള്ള മീനച്ചില്‍ ലാറ്റക്സ് ഫാക്ടറി സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബന്ദിയാക്കി ഫാക്ടറി ഗേറ്റ് പുറത്തുനിന്ന് താഴിട്ടു പൂട്ടി ഒരു സംഘം ആളുകള്‍. അവധി ദിവസമായ ഇന്നലെ ഫാക്ടറി ഗേറ്റ് പുറത്തുനിന്ന് താഴിട്ട് പൂട്ടിയതോടെ സെക്യൂരിറ്റി ജീവനക്കാരൻ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു.
ഫാക്ടറിയില്‍നിന്ന് ദുർഗന്ധം ഉണ്ടാകുന്നുവെന്ന് ആരോപിച്ച് കുറച്ചുനാളായി ഒരു കൂട്ടര് പരാതികള്‍ ഉന്നയിച്ചിരുന്നു. 1975 മുതല്‍ 2015 വരെ മൂന്ന് ഷിഫ്റ്റുകളിലായി നൂറിൽപരം ജീവനക്കാര്‍ ആറ് മെഷീനറികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ പോലും ഉണ്ടാകാത്ത പരാതിയാണ് ആഴ്ചയില്‍ ഒരു ദിവസം ആറ് ജീവനക്കാര്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരേ ഉന്നയിച്ചിരിക്കുന്നതെന്ന് മാനേജ്മെന്റ് അധികൃതര്‍ പറഞ്ഞു.
വര്‍ഷങ്ങളായി അടഞ്ഞുകിടന്ന ഫാക്ടറി അടുത്ത കാലത്താണ് ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. പ്രോസസസ് ചെയ്ത സെന്‍ട്രി ഫ്യൂജിഡ് ലാറ്റക്സ് റീപായ്ക്ക് ചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ ഇവിടെ ചെയ്തു വരുന്നത്. ഫീല്‍ഡ് ലാറ്റക്സ് വല്ലപ്പോഴും മാത്രമാണ് ഇവിടെ വാങ്ങുന്നത്. ഒരുവിധ ദുർഗന്ധവും ഫാക്ടറിയില്‍നിന്ന് ഉണ്ടാവുന്നില്ലെന്നും ദുർഗന്ധത്തിനുള്ള ഒരു സാഹചര്യവും ഫാക്ടറി കോമ്പൗണ്ടില്‍ നിലവിലില്ലെന്നും ഫാക്ടറി സന്ദര്‍ശിച്ച് ജനപ്രതിനിധികളും സംഘടനാ നേതാക്കളും ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും ഫാക്ടറി അധികൃതര്‍ പറഞ്ഞു.
വീടുകള്‍ ഇല്ലാത്ത ഇവിടെ ഫാക്ടറിഗേറ്റിനു സമീപം നഗരസഭയുടെ മാലിന്യശേഖരണ ബിന്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടേക്കു മത്സ്യ-മാംസ അവശിഷ്ടങ്ങളും കോഴിമാലിന്യങ്ങളും വലിച്ചെറിയുകയാണ്. ഫാക്ടറിയുടെ എതിര്‍വശത്തെ പുരയിടത്തില്‍ ലോഡുകണക്കിന് മാലിന്യമാണ് രാത്രിയുടെ മറവില്‍ ഇടുന്നതെന്ന് വാര്‍ഡ് കൗണ്‍സിലറെ ഫാക്ടറി അധികൃതര്‍ നേരിട്ട് കാണിച്ചുകൊടുത്തു.