മുദ്രപത്ര വില: കേസ് സെറ്റില്‍ ചെയ്യാന്‍ നോട്ടീസ് ലഭിക്കുന്നതായി പരാതി
1591649
Sunday, September 14, 2025 11:13 PM IST
കോട്ടയം: രണ്ടു വര്‍ഷം മുമ്പ് ആധാരം ചെയ്ത വസ്തുവിന്റെ മുദ്രപത്ര വില സംബന്ധിച്ചു കേസ് സെറ്റില്‍ ചെയ്യാന്‍ വ്യാപകമായി നോട്ടീസ് ലഭിക്കുന്നതായി പരാതി. വൈക്കം തലയാഴം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2023 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത ആധാരത്തിലാണു തര്‍ക്കം ഉന്നയിച്ച് പിഴ ഒടുക്കാനുള്ള നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതേ രീതിയില്‍ പിഴ ഒടുക്കാനായി സ്ഥലം ഉടമകള്‍ക്ക് നോട്ടീസ് ലഭിക്കുന്നുണ്ട്. മുദ്രപത്രവില 79,400-രൂപ, രജിസ്ട്രേഷന് ഫീസ് 19,850-രൂപ എന്നിങ്ങനെ മൊത്തം 99,250 രൂപ അടയ്ക്കാനാണ് തലയാഴത്തെ സ്ഥലമുടമയ്ക്ക് നോട്ടീസ് വന്നത്. തലയാഴം സബ് രജിസ്ട്രാര്‍ ഓഫീസിന് അടുത്തുതന്നെ ഓഫീസുള്ള ആളാണ് ആധാരം ചെയ്തത്.
ആധാരം നടത്തുന്നതിന് മുമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്നും വാങ്ങാന്‍ പോകുന്ന വസ്തുവിന്റെ സര്‍ക്കാര്‍ നിര്‍ദേശിച്ച ഫെയര്‍ വാല്യു ഉറപ്പാക്കിയതിനുശേഷമാണ് ആധാരം നടത്തിയത്. വാങ്ങിയ വസ്തുവാകട്ടെ നികത്തുഭൂമിയാണ്.
ഇനി സ്ഥലം തരം മാറ്റാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതിനുള്ള മാപ്പ്, ലൊക്കേഷന്‍ സ്കെച്ച് എന്നിവയ്ക്കായും സ്ഥലമുടമ ഫീസ് അടച്ച ശേഷമാണ് വലിയ തുകയുടെ പിഴ അടയ്ക്കാനുള്ള പുതിയ ഉത്തരവ്. വീട് വയ്ക്കാന്‍ ലോണ്‍ എടുത്തും മറ്റും 5-10 സെന്റ് സ്ഥലം വാങ്ങിയവര്‍ക്കാണ് പിഴ അടയ്ക്കാനായി അധികൃതര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
വസ്തു വാങ്ങുമ്പോള്‍തന്നെ വസ്തുവിന്റെ ഫെയര്‍ വാല്യു, മുദ്രപത്രത്തിന്റെ തുക എന്നിവ പറഞ്ഞിരുന്നുവെങ്കില്‍ കടം വാങ്ങിയെങ്കിലും പണം അടയ്ക്കാമായിരുന്നു. പലരും വസ്തു വാങ്ങിയതിന്റെ കടം വീട്ടാന്‍ കഴിയാതെ വിഷമിക്കുമ്പോഴാണ് അണ്ടര്‍ വാല്യു സംബന്ധിച്ച് നോട്ടീസ് വരുന്നത്.
പലര്‍ക്കും താങ്ങാന്‍ പറ്റാത്ത വലിയ തുകയാണ് അടയ്ക്കേണ്ടി വരുന്നത്. അണ്ടര്‍ വാല്യു സംബന്ധിച്ച നോട്ടീസ് ലഭിച്ചവര്‍ക്ക് വസ്തു വില്ക്കാന് സാധിക്കില്ലാത്തതിനാല്‍ വലിയ പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടാകുന്നതെന്ന് ഉപയോക്താക്കള്‍ പറയുന്നു.
മുട്ടമ്പലത്തെ തര്‍ക്ക പരിഹാര കോടതിയില്‍ കഴിഞ്ഞ ദിവസം 26 അണ്ടര്‍ വാല്യു കേസുകളാണ് എത്തിയത്. ടാര്‍ ചെയ്യാത്ത പഞ്ചായത്ത് റോഡ് സമീപത്തുള്ളതിനാല്‍ 15 സെന്റ് നികത്തു ഭൂമിക്ക് 15,80,000 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്, ഈ വസ്തു വീട് വയ്ക്കാന്‍ തരം മാറ്റുന്നതിനുള്ള നൂലാമാലകളും ഏറെയാണെന്ന് ഉപയോക്താവ് പറയുന്നു. സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കാന്‍ സാധാരണക്കാരായ ഉപയോക്താക്കളെ പിഴിയുന്നു എന്നാണ് പൊതുവേയുള്ള ആക്ഷേപം.