വേമ്പനാട്ടുകായലിലെ ഓളങ്ങൾക്കൊപ്പം ചുവടുകൾവച്ച് ഭിന്നശേഷിക്കാർ
1591612
Sunday, September 14, 2025 11:13 PM IST
മുണ്ടക്കയം: വീടിന്റെ അകത്തളങ്ങളിൽ വീർപ്പുമുട്ടിയിരുന്ന ഭിന്നശേഷിക്കാർക്ക് ആവേശമായി മുണ്ടക്കയം പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള വിനോദയാത്ര. മുണ്ടക്കയം പഞ്ചായത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 40ഓളം ഭിന്നശേഷിക്കാർക്കും അവരുടെ സഹായികൾക്കുമായിരുന്നു യാത്ര ഒരുക്കിയത്.
കുമരകം ടൂറിസ്റ്റ് കേന്ദ്രത്തോടൊപ്പം വേമ്പനാട് കായലിലൂടെയുള്ള ബോട്ട് യാത്രയായിരുന്നു വിനോദ യാത്രയിൽ ഉൾപ്പെടുത്തിയത്. കായൽപരപ്പിലെ ഓളങ്ങൾക്കൊപ്പം ചുവടുകൾ വച്ച് ആഹ്ലാദ ത്തിമിർപ്പിലായിരുന്നു യാത്രികർ. അവരുടെ സ്വപ്നങ്ങൾ ചിറകിലേറ്റാൻ പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, ഭരണസമിതി അംഗങ്ങളായ ഷീല ഡൊമിനിക്, സി.വി. അനിൽ കുമാർ, ഷിജി ഷാജി, സുലോചന സുരേഷ്, ദിലീഷ് ദിവാകരൻ, പ്രസന്ന ഷിബു, കെ.ടി. റെയ്ച്ചൽ, പി.എ. രാജേഷ്, ഐസിഡിഎസ് സൂപ്പർവൈസർ നീതു ജോർജ്, മെഡിക്കൽ ടീം എന്നിവരുമുണ്ടായിരുന്നു.
നൂതന പ്രോജക്ടുകൾ നടപ്പിലാക്കുന്നതിൽ പ്രത്യേകം താത്പര്യം കാട്ടുന്ന മുണ്ടക്കയം പഞ്ചായത്ത് ഭിന്നശേഷിക്കാരെ കൂടാതെ വയോജനങ്ങളെയും പാവപ്പെട്ട കുട്ടികളെയും പങ്കെടുപ്പിച്ച് തുടർച്ചയായി പഠന-വിനോദ യാത്രകൾ സംഘടിപ്പിക്കാറുണ്ട്. ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാക്കിറ്റും ചികിത്സാച്ചെലവും നൽകിവരുന്നു. കൂടാതെ അങ്കണവാടി കുട്ടികൾക്ക് ഭക്ഷണമായി ബിരിയാണി നൽകുന്നതും പ്രൈമറി കുട്ടികൾക്ക് പ്രഭാതഭക്ഷണം ഏർപ്പെടുത്തിയതും ജനശ്രദ്ധ ആകർഷിച്ചു. ഭിന്നശേഷിക്കാർക്ക് തൊഴിൽസംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരികയാണ്.