മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ സെന്റർ നാമകരണം മാര്‍ പള്ളിക്കാപറമ്പിലിനുള്ള ആദരവായി
1591651
Sunday, September 14, 2025 11:13 PM IST
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയിലെ പുതിയ കാന്‍സര്‍ സെന്ററിന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എപ്പിസ്കോപ്പല്‍ ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റർ എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നാമകരണം നടത്തി.
പാലാ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ പിന്‍ഗാമിയും പാലായുടെ ദ്വിതീയ മെത്രാനും 99 ന്റെ നിറവിലെത്തിയ ആത്മീയ തേജസുമായ ബിഷപ് എമിരറ്റസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിൽ പുതിയ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് സുവര്‍ണ നിമിഷങ്ങളായി മാറി. നാമകരണ പ്രഖ്യാപനം സദസ് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.
മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ആറാം വാര്‍ഷികത്തിന്റെ ഭാഗമായി ആശുപത്രി സ്ഥാപകനും രക്ഷാധികാരിയുമായ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആശുപത്രി ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് പുതിയ സെന്ററിലേക്ക് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയില്‍ വിശിഷ്ടാതിഥികളെ സ്വീകരിച്ചാനയിച്ചു. വെഞ്ചരിപ്പിന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപത അധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു.
ഷംഷാബാദ് രൂപത സഹായ മെത്രാന് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, പാലാ രൂപതയില്‍നിന്നും മറ്റ് വിവിധ രൂപതകളില്‍നിന്നുമായി എത്തിയ നൂറുകണക്കിനു വൈദികശ്രേഷ്ഠര്‍, വിവിധ സന്യസ്ത സഭകളിലെ പ്രൊവിന്‍ഷ്യല്‍മാര്‍, അല്മായ പ്രമുഖര്‍, രാഷ്ടീയ സംഘടനാ ഭാരവാഹികള്‍, സാസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യവും ഉദ്ഘാടന ചടങ്ങിന്റെ മാറ്റുകൂട്ടി.
വിപുലമായ സൗകര്യങ്ങള്‍
പാലാ: ഒരുലക്ഷത്തില്പരം ചതുരശ്രഅടിയുള്ള പുതിയ സെന്ററില്‍ മെഡിക്കല്‍ ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന് ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്, സ്റ്റെം സെല്‍ ആന്‍ഡ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ്, കാര്‍ - ടി സെല്‍ തെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് ഓങ്കോളജി, ഓങ്കോ ന്യൂട്രീഷന്‍, സൈക്കോ ഓങ്കോളജി, റീ ഹാബിലിറ്റേറ്റീവ് ഓങ്കോളജി എന്നിവയ്ക്കു പുറമെ കാന്‍സര്‍രോഗ ഗവേഷണ പരിപാടികള്‍, 14 മള്‍ട്ടിഡിസിപ്ലിനറി കാന്‍സര്‍ ക്ലിനിക്കുകള്‍ എന്നിവ പ്രവര്‍ത്തനം തുടങ്ങും. റേഡിയേഷന് ചികിത്സയ്ക്കുള്ള വിദേശനിര്‍മിത ലിനാക്, പെറ്റ് സിറ്റി - സ്കാന്‍, ഗാമാ കാമറ അഥവാ സ്പെക്ട് സ്കാന്‍ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള അഫെറേസീസ് മെഷീന് ആന്‍ഡ് ക്രയോ പ്രിസര്‍വേഷന്‍ യൂണിറ്റ് എന്നിവയും ഉടന്‍ പ്രവര്‍ത്തനസജ്ജമാകും.
ഒക്ടോബര്‍ ആദ്യം മുതല്‍ പെറ്റ് സിസിടി, സ്പെക്ട് മെഷീനുകള്‍ ഉപയോഗിച്ചുള്ള ചികിത്സകളും കീമോതെറാപ്പി ചികിത്സകളും പുതിയ സെന്ററില്‍ ആരംഭിക്കും. നവംബര്‍ ആദ്യവാരം മുതല്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനവും 2026 ജനുവരി ആദ്യം മുതല്‍ റേഡിയേഷന് ഓങ്കോളജി ആരംഭിക്കും. ഇതോടെ കാന്‍സര്‍ രോഗത്തിനുള്ള സമ്പൂര്‍ണ ചികിത്സാകേന്ദ്രമായി മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മാറുമെന്ന് മാര്‍ സ്ലീവാ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ പറഞ്ഞു.