ഒാരോരോ ആചാരങ്ങളാകുന്പോൾ...!
1591900
Monday, September 15, 2025 11:45 PM IST
കടുത്തുരുത്തി: കാലം മാറിയിട്ടും ശീലം മാറാതെ സർക്കാർ വകുപ്പുകൾ. വാട്ടർ അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പുമാണ് തലതിരിഞ്ഞ നടപടികളിലൂടെ വീണ്ടും നാട്ടുകാരെ ഞെട്ടിച്ചത്.
പൈപ്പ് പൊട്ടിയൊഴുകിയിരുന്ന റോഡില്‍ പൈപ്പ് ശരിയാക്കാതെ ടാറിംഗ് നടത്തിയായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ കൈവിട്ട കളി. ടാര്‍ ചെയ്ത ദിവസംതന്നെ റോഡ് കുത്തിപ്പൊളിച്ചാണ് കേരള വാട്ടര്‍ അഥോറിറ്റി വീണ്ടും “മാതൃക’’യായത്. പെരുവ - ശാന്തിപുരം റോഡില്‍ പെരുവ പള്ളിക്കു സമീപമാണ് ഇന്നലെ ടാറിംഗും തൊട്ടുപിന്നാലെ കുത്തിപ്പൊളിക്കലും നടന്നത്.
ഇന്നലെ രാവിലെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് ടാര്‍ ചെയ്യാനായി ഇവിടെ എത്തിയത്. രാവിലെ പെയ്ത മഴയത്ത് ടാറിംഗ് നടത്താന്‍ തുടങ്ങിയത് നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുപൊട്ടി ഇവിടെ നേരത്തേ വെള്ളം ഒഴുകിക്കൊണ്ടിരുന്നതാണ്. ഈ പൈപ്പ് നന്നാക്കാതെയാണ് റോഡ് ടാർ ചെയ്യാൻ ഒരുങ്ങിയത്.
ഇന്നലെ പൈപ്പിലൂടെ വെള്ളം വിടാത്തതിനാല്‍ വെള്ളം ഒഴുകുന്നില്ലായിരുന്നു. പൈപ്പിനു പൊട്ടലുള്ള കാര്യം നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതു കാര്യമാക്കാതെ ടാര്‍ ചെയ്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥർ മടങ്ങി. തൊട്ടുപിന്നാലെ വാട്ടര്‍ അഥോറിറ്റിയുടെ ആളുകളെത്തി. രാവിലെ ടാർ ചെയ്ത റോഡ് വീണ്ടും കുത്തിപ്പൊളിച്ചു പൈപ്പ് നന്നാക്കാനായി കുഴിയെടുത്തു.