യുവാക്കളുടെ സത്യസന്ധതയിൽ വീട്ടമ്മയ്ക്ക് സ്വർണമാല തിരിച്ചുകിട്ടി
1591896
Monday, September 15, 2025 11:45 PM IST
എരുമേലി: നിർമലിന്റെയും സുഹൃത്തുക്കളുടെയും സത്യസന്ധതയിൽ വീട്ടമ്മയ്ക്കു തിരികെ ലഭിച്ചത് നഷ്ടപ്പെട്ട സ്വർണമാല. പെരുന്തേനരുവി ഭാഗത്തുള്ള കുറുമ്പൻമൂഴി പുഴയുടെ തീരത്തു കളഞ്ഞുപോയ രണ്ടു പവനോളം തൂക്കമുള്ള സ്വർണമാലയാണ് വിനോദയാത്രയ്ക്ക് പോയ വലിയതോവാള പൂനാട്ട് നിർമൽ സ്കറിയയ്ക്കും കൂട്ടുകാർക്കും ഇന്നലെ രാവിലെ എട്ടോടെ കിട്ടിയത്. തുടർന്ന് ഇവർ യാത്രാമധ്യേ എരുമേലി പോലീസ് സ്റ്റേഷനിൽ മാല ഏൽപ്പിച്ചു.
മാല കളഞ്ഞുകിട്ടിയ വിവരം കുറുമ്പൻമൂഴി ഉൾപ്പെടുന്ന വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള പോലീസ് സ്റ്റേഷനുകളിലേക്ക് എരുമേലി സ്റ്റേഷനിൽനിന്നു മെസേജുകൾ പാസ് ചെയ്തു. മാല നഷ്ടപ്പെട്ട ചാത്തൻതറ ഈട്ടിക്കൽ അജിത സാജൻ വെച്ചൂച്ചിറ പോലീസിൽ പരാതി നൽകിയിരുന്നു. ഉടൻ തന്നെ പോലീസ് വിവരം അജിത സാജനെ അറിയിച്ചു. തുടർന്ന് ഇവർ യുവാക്കളുടെ സാന്നിധ്യത്തിൽ സ്വർണമാല സ്റ്റേഷനിൽനിന്ന് തിരികെ കൈപ്പറ്റി.