ഇടവഴി റോഡായി; ഉത്സവപ്രതീതിയിൽ ഉദ്ഘാടനം
1591895
Monday, September 15, 2025 11:45 PM IST
കാഞ്ഞിരപ്പള്ളി: നീണ്ട കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് അമ്പഴത്തിനാൽ-ഐരാറ്റുകുന്നേൽ നിവാസികൾ.
ഇടവഴി റോഡാക്കി നൽകണമെന്നു നാട്ടുകാർ തെരഞ്ഞെടുപ്പുസമയത്തു വോട്ട് തേടിയെത്തിയ സ്ഥാനാർഥി ആന്റണി മാർട്ടിനോട് അഭ്യർഥിച്ചപ്പോൾ വഴിയുണ്ടാക്കാം എന്നു പറഞ്ഞെങ്കിലും മെംബറായ ശേഷം കാര്യങ്ങൾ എളുപ്പമായിരുന്നില്ല.
പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഇല്ലാത്ത സ്ഥലത്ത് പഞ്ചായത്ത് ഫണ്ട് അനുവദിക്കാൻ നിയമം അനുവദിക്കാതെ വന്നതോടെ റോഡ് നിർമാണം പ്രതിസന്ധിയിലായി. ഇതോടെ കരുണാകരൻ നായർ ചേറ്റേടത്തിൽ, അനിൽകുമാർ ചേരിയിൽ, അമ്പഴത്തിനാൽ വിജയചന്ദ്രൻ പിള്ള, രാജേന്ദ്രൻ പിള്ള, പ്രസാദ് കുമാർ, ഓമനക്കുട്ടൻ താവൂർ എന്നിവരുടെ സ്ഥലം പഞ്ചായത്തിന് ആധാരം എഴുതി നൽകി പുതിയ റോഡ് നിർമിച്ചു.
പ്രതിസന്ധികൾ കടന്ന്
പുതിയ വഴിയിൽ നാലു വൈദ്യുതിപോസ്റ്റുകൾ റോഡിന്റെ നടുക്കുതന്നെ വഴിമുടക്കി നിന്നിരുന്നു. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഇവ മാറ്റി സ്ഥാപിക്കാൻ പിന്നെയും താമസം നേരിട്ടു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മൂന്നുലക്ഷം രൂപ റോഡിന് അനുവദിച്ചപ്പോഴാണ് റോഡ് നിർമാണ പദ്ധതികളുടെ തുക ഗവൺമെന്റ് പുതുക്കി നിശ്ചയിച്ചത്. റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്യാൻ ഈ തുക അപര്യാപ്തമായതോടെ റോഡ് നിർമാണം വീണ്ടും പ്രതിസന്ധിയിലായി.
ഈ അവസരത്തിലാണ് നൂറു ശതമാനം നികുതി പിരിച്ചതിനു പഞ്ചായത്ത് പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ ഏഴാം വാർഡിനു സമ്മാനമായി ലഭിച്ചത്. ആ തുകകൂടി കൂട്ടി റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്തു. എല്ലാ തടസങ്ങളും നീങ്ങി റോഡ് പൂർത്തിയാക്കിയപ്പോൾ ഉദ്ഘാടനം നാട്ടുകാർ ആഘോഷമാക്കി മാറ്റി.
റോഡിന്റെ ഉദ്ഘാടനം ഗവൺമെന്റ് ചീഫ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ ജോസഫ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുമേഷ് ആൻഡ്രൂസ്, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, പഞ്ചായത്തംഗങ്ങളായ കെ.ജി. രാജേഷ്, ഷാക്കി സജീവ്, ലീന കൃഷ്ണകുമാർ, വി.എൻ. കരുണാകരൻ, കെ. ബാലചന്ദ്രൻ, സുരേഷ്, ജി. അജിത് കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംഭാഗം യൂണിറ്റ് പ്രസിഡന്റ് റെജി കാവുങ്കൽ, മധുസൂദനൻ നായർ, സുരേഷ് എന്നിവർ പ്രസംഗിച്ചു.