കല്ലുങ്കത്ര-കരീമഠം-ചീപ്പുങ്കല്‍ റോഡ് ഉന്നത നിലവാരത്തിൽ നിർമിക്കും
1592028
Tuesday, September 16, 2025 5:54 AM IST
അയ്മനം: പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കല്ലുങ്കത്ര-കരീമഠം-ചീപ്പുങ്കല്‍ റോഡ് ഉന്നത നിലവാരത്തിൽ നിർമിക്കും. കേന്ദ്രസര്‍ക്കാരിന്റെ റോഡ് വികസന പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ഇതിനു വഴിതെളിഞ്ഞത്.
ആറു മീറ്റര്‍ വീതിയെങ്കിലുമുള്ള മണ്റോഡുകളെയാണ് പിഎംജിഎസ്വൈ നാലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിക്കാനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അധികൃതര്‍ തയാറാക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി അറിയിച്ചു.
അഞ്ചു കിലോമീറ്റർ ലാഭം
നിലവില്‍ റോഡ് കല്ലുങ്കത്രയില്നിന്നു പടിഞ്ഞാട്ട് ചെങ്ങളവന്പറമ്പ് വരെയും ചീപ്പുങ്കല്നിന്നു കോലടിച്ചിറ വരെയും എത്തിനില്‍ക്കുന്നതാണ്. ഇടയ്ക്കുള്ള മൂന്നര കിലോമീറ്റര്‍ ദൂരം പാടശേഖരത്തിലൂടെയാണ് റോഡ് നിര്‍മിക്കേണ്ടത്. റോഡ് പൂര്‍ത്തിയാകുന്നതോടെ ചേര്‍ത്തല, വൈക്കം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്കു കുമരകത്തെത്താതെ കോട്ടയം ടൗണിലും മെഡിക്കല്‍ കോളജിലും വേഗത്തിലെത്താന്‍ കഴിയുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ചേര്‍ത്തല-കുമരകം-കോട്ടയം റോഡിനു സമാന്തര പാതയാകുന്നതോടെ വാഹനങ്ങള്‍ക്കു കോട്ടയത്ത് എത്തുന്നതിന് അഞ്ചു കിലോമീറ്റര്‍ ദൂരം ലാഭിക്കാം. കുമരകത്തെ ഗതാഗതക്കുരുക്കിനു പരിഹാരവുമാകും.
അയ്മനത്തിനും ഗുണം
കുമരകത്തെ അയ്മനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായി മാറുന്നതോടെ അയ്മനം പഞ്ചായത്തിന്റെ ടൂറിസം വികസനത്തിനും കാര്‍ഷിക മേഖലയുടെ പുരോഗതിക്കും ഇതു ഗുണകരമാകും. പിഎംജിഎസ്വൈ പദ്ധതിയില്‍ ഈ റോഡ് ഉള്‍പ്പെടുത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അയ്മനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും ഫ്രാന്‍സിസ് ജോര്‍ജ് എംപിക്കു നിവേദനം നല്‍കിയിരുന്നു.
കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. ജോസഫ്, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ജയ്മോന് കരീമഠം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഒളശ ആന്റണി, ബാബു കെ. ഏബ്രഹാം, മനോജ് കോയിത്തറ എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.