ഈ യാത്ര റിസ്്കാണ് ! ചങ്ങനാശേരി റെയില്‍വേ സ്റ്റേഷൻ- ഗുഡ്സ്ഷെഡ് റോഡ് യാത്ര
1592026
Tuesday, September 16, 2025 5:54 AM IST
ചങ്ങനാശേരി: ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍നിന്നു ഗുഡ്സ്ഷെഡ് റോഡിലേക്ക് രണ്ടാംകവാടം തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വാഴൂര്‍ റോഡിലൂടെ എത്തുന്ന നൂറുകണക്കിനു യാത്രക്കാര്‍ സെന്റ് ആന്‍സ് സ്കൂള്‍ ജംഗ്ഷനുമുമ്പിലെ സ്റ്റോപ്പിലിറങ്ങിയാണ് റെയില്‍വേ സ്റ്റേഷനിലെത്തുന്നത്. ഈ യാത്രക്കാരും ട്രെയിനില്‍നിന്നിറങ്ങി വാഴൂര്‍ റോഡിലേക്ക് പോകേണ്ടവരും ഇപ്പോള്‍ ഏറെ അപകടഭീഷണി നേരിട്ട് മൂന്നാംട്രാക്ക് കാല്‍നടയായി മുറിച്ചുകടന്ന് പോകേണ്ട അവസ്ഥയാണ്.
വാഴൂര്‍ റോഡ് ഭാഗത്തുനിന്നെത്തുന്നവര് റെയില്‍പാതകള്‍ മുറിച്ചുകടന്ന് ഒന്നാം പ്ലാറ്റ്ഫോമിലുള്ള സ്റ്റേഷനില്‍ എത്തി ടിക്കറ്റെടുത്ത് തിരിച്ച് ഫുട് ഓവര്‍ബ്രിഡ്ജിലൂടെ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലെത്തി ട്രെയിനില്‍ കയറിപ്പെടാനുള്ള റിസ്കും ദുരിതവും ഭാരിച്ചതുതന്നെ.

കൊച്ചുകുട്ടികളുമായി സ്ത്രീകള്‍ പാതമുറിച്ചുകടക്കുന്നത് അത്യന്തം അപകടഭീഷണി നിറഞ്ഞതാണ്. ഇങ്ങനെ പാത മുറിച്ചുകടക്കുന്നതിനിടയില്‍ പലരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. നാലു പേർ മരണപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗുഡ്സ്ഷെഡ് റോഡിലേക്ക് രണ്ടാംകവാടം ഉടനെ തുറക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
ഒന്നാം പ്ലാറ്റ്ഫോം ചങ്ങനാശേരിയില്‍ നിര്‍ത്താത്ത ഫാസ്റ്റ് ട്രെയിനുകള്‍ക്കുള്ള ലൂപ്പ് ലൈനായതിനാല്‍ ഒന്നാം പ്ലാറ്റ് ഫോമില്‍നിന്നു രണ്ടും മൂന്നും പ്ലാറ്റ്ഫോമിലേക്കുള്ള നടപ്പാലം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ഇതോടു ചേര്‍ന്നു ലിഫ്റ്റ് നിര്‍മാണം പൂര്‍ത്തിയായി വരികയാണ്.
രണ്ടാം കവാടം: നടപടികള്‍ പുരോഗതിയില്‍: കൊടിക്കുന്നില്‍ സുരേഷ് എംപി
ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നിരവധി വികസന പദ്ധതികളാണ് നടന്നത്. കോട്ടയം ജില്ലയിലെ കോട്ടയം കഴിഞ്ഞാല്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ ചങ്ങനാശേരി രണ്ടാമതാണ്.
അമൃത് ഭാരത് പദ്ധതിയില്‍ ഇപ്പോള്‍ ആറരക്കോടിയുടെ വികസനമാണ് നടക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന രണ്ടാമത്തെ ഫുഡ് ഓവര്‍ബ്രിഡ്ജ് തുറന്നുകഴിഞ്ഞു. ഇതോടു ചേര്‍ന്നുതന്നെ ലിഫ്റ്റിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. ഒക്ടോബര്‍ അവസാനത്തോടെ ഇതു തുറക്കും. ഗുഡ്സ്ഷെഡ് റോഡിലേക്കുള്ള രണ്ടാം കവാടത്തിന് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നടപടികള്‍ പുരോഗമിക്കുകയാണ്.
രണ്ടാം കവാടം അത്യാവശ്യം
ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. വാഴൂര്‍ റോഡ് ഭാഗത്തുനിന്നുള്ള യാത്രക്കാരുടെ സൗകര്യാര്‍ഥം ഗുഡ്ഷെഡ് റോഡിലേക്ക് രണ്ടാംകവാടം തുറക്കാനുള്ള നടപടികള്‍ റെയില്‍വേ അധികൃതര്‍ വേഗത്തിലാക്കണം.
മാത്തുക്കുട്ടി പ്ലാത്താനം കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്
നിയമപരമായ പാര്‍ക്കിംഗ് അനുവദിക്കണം
ഗുഡ്സ്ഷെഡ് റോഡിൽ ഇരുചക്രവാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് ഈടാക്കി പാക്കിംഗ് ക്രമീകരിക്കണം. വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഗുഡ്ഷെഡ് റോഡ് ഭാഗത്തുകൂടിഎത്തുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമില്‍ വെന്‍ഡിംഗ് മിഷന് സ്ഥാപിക്കണം.
രമേശ് മാത്യു കരിങ്ങട
സ്ഥിരം ട്രെയിന്‍ യാത്രക്കാരന് രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളില്‍ ടിക്കറ്റ് എടുക്കാന്‍ സൗകര്യംവേണം
ഗുഡ്സ്ഷെഡ് റോഡിലൂടെ മൂന്നാം പ്ലാറ്റ്ഫോമില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റെടുക്കാന്‍ ഈ പ്ലാറ്റ്ഫോമില്‍ സൗകര്യം ഏര്‍പ്പെടുത്തണം. ഡിസ്പ്ലേ ബോര്‍ഡ് സ്ഥാപിക്കുന്നതുവരെ പ്ലാറ്റ് ഫോമുകളില്‍ കോച്ച് പൊസിഷന്‍ പ്രദര്‍ശിപ്പാക്കാന്‍ നടപടി വേണം.
സിയാദ് അബ്ദുറഹിമാന് കോണ്‍ഗ്രസ് ഇസ്റ്റ് മണ്ഡലം പ്രസിഡന്റ്
യാത്രക്കാര്‍ക്ക് സുരക്ഷിതം, ഗുണകരം
രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലാണ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ളത്. അതിനാല്‍ കൂടുതല്‍ യാത്രക്കാരും ഗുഡ്സ് ഷെഡ് റോഡുവഴിയാണ് റെയില്‍വേ സ്റ്റേഷനിലേക്കു പ്രവേശിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് രണ്ടാംകവാടം തുറക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം.
ടിറ്റി ജോസ് കോട്ടപ്പുറം കേരളകോണ്‍ഗ്രസ്-എം ടൗണ്‍ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ്