ടോൾ -ചുങ്കം റോഡ് ഉന്നത നിലവാരത്തിൽ നിർമിക്കും
1592319
Wednesday, September 17, 2025 7:04 AM IST
നാലരക്കോടിയുടെ പദ്ധതിക്ക് അനുമതി
തലയോലപ്പറമ്പ്: കുണ്ടും കുഴിയുമായി തകർന്ന ടോൾ-ചുങ്കം റോഡ് ബി എംആൻഡ് ബിസി നിലവാരത്തിൽ പുനർനിർമിക്കുന്നു. നാലരക്കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. ടോൾ-ചുങ്കം- പാലാംകടവ് - തലയോലപറമ്പ് റോഡിലെ ടോൾമുതൽ ചുങ്കംവരെയുള്ള മൂന്നര കിലോമീറ്റർ ദൂരമാണ് ആധുനിക നിലവാരത്തിൽ പുനർനിർമിക്കുന്നത്.
തകർച്ച ഇങ്ങനെ
ഇരു വശങ്ങളിലും നടപ്പാതയും ടോൾ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടയും നിർമിക്കും.18 വർഷംമുമ്പ് ആലപ്പുഴയിലേക്കു മൂവാറ്റുപുഴയാറിലെ ശുദ്ധജലം എത്തിക്കാനായി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കൂറ്റൻ പൈപ്പുകൾ സ്ഥാപിച്ചതോടെയാണ് ടോൾ മുതൽ ചുങ്കം വരെയുള്ള റോഡ് തകർച്ചാ ഭീഷണിയിലായത്.
പൈപ്പുകൾ സ്ഥാപിച്ച ശേഷം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നായിരുന്നു കരാർ. പൈപ്പ് സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് ഗതാഗതയോഗ്യമാക്കാതിരുന്നതിനാൽ വിവിധ രാഷ്ട്രീയ പാർട്ടികളും പ്രദേശവാസികളും പ്രതിഷേധവുമായി വന്നതോടെയാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.
അന്നു തുടങ്ങിയ പൊട്ടൽ
മാസങ്ങൾ കഴിഞ്ഞ് ടോൾ-പാലാംകടവ് റോഡിലെ ടോൾമുതൽ ചുങ്കംവരെയുള്ള ഭാഗത്തെ കുഴികൾ താത്കാലികമായി പിഡബ്ല്യുഡി അധികൃതർ അടച്ചപ്പോൾ പല ഭാഗങ്ങളിലും പൈപ്പ് പൊട്ടി വെള്ളം ഒഴുകി റോഡ് വീണ്ടും തകർന്നു. പിന്നീട് മാസങ്ങളുടെ കാത്തിരി പ്പിനു ശേഷമാണ് തകർന്ന ഭാഗംപുനർനിർമിച്ചത്. കരാർ കമ്പനി റോഡ് പിഡബ്ല്യുഡിക്കു കൈമാറാത്തതുമൂലം ഇവിടെ നിർമാണം നടക്കാത്ത സ്ഥിതിയിലായിരുന്നു.
മറവൻതുരുത്ത് പഞ്ചായത്ത് നിരന്തരമായി രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഒരുവർഷം മുമ്പ് റോഡ് പിഡബ്ല്യുഡിക്കു കൈമാറി. 2012നു ശേഷം ടാറിംഗ് നടക്കാത്ത റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു. തുടർന്ന് താത്കാലികമായി കുഴികൾ അടയ്ക്കുകയായിരുന്നു. സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ നടപടി പൂർത്തീകരിച്ചാലുടൻ നിർമാണം ആരം ഭിക്കുമെന്ന് സി.കെ.ആശ എംഎൽഎ പറഞ്ഞു.