നരനായാട്ട്; കടിയേറ്റത് പതിനായിരങ്ങള്‍ക്ക്
1592276
Wednesday, September 17, 2025 6:38 AM IST
കോട്ടയം: 2024 ജനുവരി മുതല്‍ 2025 ഓഗസ്റ്റ് വരെ തെരുവുനായ്ക്കളും വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളും അടക്കമുള്ളവയുടെ കടിയേറ്റവര്‍ നാല്പതിനായിരത്തോളം വരും. ഏറ്റവും കൂടുതല്‍ കടിയേറ്റത് ഇക്കൊല്ലം ഫെബ്രുവരി മുതല്‍ ജൂലൈ വരെയാണ്. 2024-25 വര്‍ഷം 3,504 തെരുവുനായ്ക്കള്‍ക്കു പേവിഷ പ്രതിരോധ വാക്സിനെടുത്തു. കോട്ടയം നഗരസഭയുടെ എബിസി സെന്ററില്‍ ഇക്കാലയളവില്‍ രണ്ടായിരം തെരുവുനായ്ക്കള്‍ക്കു വന്ധ്യംകരണം നടത്തി. ആകെയുള്ള തെരുവുനായകളുടെ നൂറിലൊന്നുപോലും വരില്ല ഈ നിരക്ക്. ജില്ലയില്‍ കോട്ടയം നഗരസഭയില്‍ മാത്രമാണ് വന്ധ്യംകരണ സൗകര്യമുള്ളത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഇക്കൊല്ലം ഇതുവരെ 1700 പേര്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നല്കി. ഇതില്‍ നരിയും പൂച്ചയും മരപ്പട്ടിയും നീര്നായയുമൊക്കെ കടിച്ചവരും ഉണ്ടെങ്കിലും തെരുവുനായകളാണ് കടിയില്‍ മുന്‍നിരയിലുള്ളത്. ജില്ല, താലൂക്ക് ആശുപത്രികളില്‍ വാക്സിനേഷന് എടുത്തവരുടെ കണക്കെടുത്താല്‍ എണ്ണം അയ്യായിരത്തോളം വരും. നായ കടിച്ചാല്‍ നാലു തവണയായി നാലു കുത്തിവയ്പെടുക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന് സൗജന്യമാണ്. എന്നാല്‍ അലര്‍ജി തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ വാക്സിന് പുറത്തുനിന്ന് വിലകൊടുത്തു വാങ്ങണം. 18 വയസില്‍ താഴെയുള്ളവര്‍ക്ക് അലര്‍ജിയുണ്ടെങ്കിലും വാക്സിന് വില സര്‍ക്കാര്‍ വഹിക്കും.
തെരുവുനായകളുടെ കടി ചില്ലറ പരിക്കല്ല. മുഖവും ചുണ്ടും കൈകാലുകളും ആഴത്തില്‍ കടിച്ചു കീറും. മുറിവ് മാത്രമല്ല, ഇരയുടെ ഞരമ്പുകള്‍ വരെ പറിഞ്ഞുപോകും. അതിനാല്‍ അടിയന്തര ശസ്ത്രക്രിയ പലര്‍ക്കും വേണ്ടിവരും. പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ വേറെയും നടപടികള്‍ക്ക് പണവും സമയവും കണ്ടെത്തേണ്ടിവന്നേക്കാം.
നായയുടെയോ നായക്കൂട്ടത്തിന്റെ കടന്നാക്രമണത്തില്‍ ബോധം നഷ്ടപ്പെട്ടു വീഴുന്നവരുമുണ്ട്. ആഴ്ചകളോളം ഉറങ്ങാനും ഉണ്ണാനും സാധിക്കാത്ത വിധം ഭീതി അവരെ വിട്ടുമാറില്ല. കുട്ടികള്‍ക്ക് കടിയേറ്റാല്‍ രക്ഷിതാക്കളുടെ ആശങ്കയും ചെറുതല്ല. പരിക്ക് ഗുരുതരമെങ്കില്‍ ആശുപത്രികളില്‍ ദിവസങ്ങള്‍ കഴിയേണ്ടിവരാം. അലര്‍ജി പ്രശ്നങ്ങളുള്ളവര്‍ക്ക് വാക്സിനേഷന് സങ്കീര്‍ണമാണ്. കടിയേല്‍ക്കുന്നവര്‍ക്ക് നാലു ദിവസം ജോലിയും പഠനവും വരുമാനവും മറ്റും നഷ്ടമാകും. വാക്സിനേഷന് നടത്തിയാലും പേവിഷ ബാധയുണ്ടാകുമോ എന്ന ആശങ്ക മാസങ്ങളോളം നിലനില്ക്കും.
നരിയും കുറുക്കനും കടിച്ചാല്‍ മുറിവില്തന്നെയാണ് വാക്സിനേഷന് നല്‍കുക. സോപ്പുലായനിയില്‍ മുറിവ് ഒരു മണിക്കൂറോളം കഴുമ്പോഴുള്ള വേദനയും നീറ്റലും അതിലേറെ അസഹനീയം.
തിങ്കളാഴ്ച കോട്ടയത്ത് സംഭവിച്ചത്
കോട്ടയം നഗരസഭ ആസ്ഥാനത്തിന് വിളിപ്പാടകലെ തിങ്കളാഴ്ച വൈകുന്നേരം ആറിന് ശാസ്ത്രി റോഡിലെ ബസ് കാത്തിരിപ്പുകേന്ദ്രം കൈയടക്കിയ തെരുവുനായപ്പടയില് ഒരെണ്ണം റോഡിനു കുറുകെ ചാടി ബൈക്ക് യാത്രക്കാരനെ നിലംപരിശാക്കി.
കുത്തിറക്കത്തില്‍ മൂന്നു തവണ തകിടം മറിഞ്ഞ ബൈക്കിനടിയില്‍ യുവാവും നായയും പെട്ടു. ഓടിക്കൂടിയവര്‍ ബൈക്ക് ഉയര്‍ത്തി യുവാവിന് പ്രാഥമിക ശുശ്രൂഷകള്‍ നല്കി. പരിക്കേറ്റ നായ എവിടേക്കോ പാഞ്ഞു. ഇതേസമയം ചോരവാര്‍ന്ന് വേദനയില്‍ പുളഞ്ഞ ബൈക്കുകാരനുനേരേ നായക്കൂട്ടം പാഞ്ഞടുത്തു. ജനം പൊതിഞ്ഞതിനാല്‍ ബൈക്കുകാരനെ നായകള്‍ കടിച്ചുകീറിയില്ല.
നഗരം നിറഞ്ഞ നായക്കൂട്ടത്തിലെ വലിയൊരു സംഘം ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും സ്റ്റാന്‍ഡുകളും കിടപ്പാടമാക്കിയിട്ട് കാലമേറെയായി. വളരെ കുറച്ച് നായകളെ മാത്രമേ പിടികൂടി വന്ധ്യംകരിക്കാനോ പതിരോധ കുത്തിവയ്പെടുക്കാനോ സാധിച്ചത്.
പ്രഥമശുശ്രൂഷയും വാക്സിനേഷനും പ്രധാനം
കോട്ടയം: മൃഗങ്ങളുടെ കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷയും കൃത്യസമയത്തുള്ള വാക്സിനേഷനും ഏറെ പ്രധാനമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ. നായ, പൂച്ച തുടങ്ങിയ മൃഗങ്ങള്‍ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ എത്രയും വേഗം സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിട്ട് ഒഴുകുന്ന വെള്ളത്തില്‍ നന്നായി കഴുകണം. പൈപ്പില്‍നിന്ന് വെള്ളം നേരിട്ട് തുറന്നുവച്ച് കഴുകുന്നതാണ് ഉത്തമം. മുറിവു കഴുകുന്ന വ്യക്തി നിര്‍ബന്ധമായും കൈയുറ ധരിക്കണം. ഇങ്ങനെ കഴുകിയാല്‍ ഭൂരിഭാഗം അണുക്കളും ഇല്ലാതാകും.
മുഖം, കഴുത്ത്, കൈകള്‍ എന്നീ ഭാഗങ്ങളില്‍ കടിയേറ്റാല്‍ നാഡികളിലൂടെ വൈറസ് വളരെ പെട്ടെന്ന് തലച്ചോറിലെത്താന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. മുറിവ് അമര്‍ത്തുകയോ ഉരച്ച് കഴുകുകയോ കെട്ടിവയ്ക്കുകയോ ചെയ്യരുത്. മൃഗങ്ങളുടെ കടിയോ മാന്തലോ പോറലോ ഉമിനീരുമായി സമ്പര്‍ക്കമോ വന്നാല്‍ ഉടന്‍തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം കുത്തിവയ്പ് എടുക്കണം. കടിയേറ്റ ദിവസത്തിനു പുറമേ 3,7,28 ദിവസങ്ങളില്‍ കുത്തിവയ്പ് എടുക്കണം. നിര്‍ദേശിക്കുന്ന ദിവസങ്ങളില്‍തന്നെ വാക്സിന് എടുക്കണം. മുഴുവന്‍ ഡോസും പൂര്‍ത്തിയാക്കണം.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജിലും വാക്സിന് (ഐഡിആര്‍വി) സൗജന്യമായി ലഭിക്കും. മുറിവിന്റെ സ്ഥാനം, ആഴം എന്നിവ അനുസരിച്ച് ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ഇമ്യൂണോഗ്ലോബുലിന്‍ കൂടി എടുക്കേണ്ടതാണ്. ജില്ലയില്‍ മെഡിക്കല്‍ കോളജ്, കോട്ടയം ജനറല്‍ ആശുപത്രി, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി. പാമ്പാടി, കുറുവിലങ്ങാട്, വൈക്കം താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളില്‍ ഇമ്യൂണോഗ്ലോബുലിന്‍ ലഭ്യമാണ്.
പേവിഷബാധ വന്നാല്‍ രക്ഷയില്ല
കോട്ടയം: നായ്ക്കളുടെയോ പൂച്ചകളുടെയോ കടിയോ മാന്തലോ മൂലം ശരീരത്തില്‍ മുറിവുണ്ടായാല്‍ നിര്‍ബന്ധമായി ചികിത്സ തേടണം. പരിക്ക് നിസാരമെന്നു വിചാരിക്കരുത്. പേവിഷബാധയുടെ ലക്ഷണം കാണിച്ചുതുടങ്ങിയാല്‍ ചികിത്സയില്ല. വൈറസുകള്‍ തലച്ചോറില്‍ എത്തി അവിടെനിന്ന് ഞരമ്പുകളിലൂടെ ഉമിനീര് ഗ്രന്ഥി, കണ്ണ് തുടങ്ങി പല ഭാഗങ്ങളിലേക്കും വ്യാപിക്കും. കടിച്ച മൃഗം നിരീക്ഷണത്തിലായിരിക്കണം.
പേയുണ്ടെങ്കില്‍ പത്തു ദിവസത്തിനുള്ളില്‍ ചത്തുപോകും. മാന്തിയാലും കടിയേറ്റാലും വെള്ളത്തില്‍ പതിനഞ്ച് മിനിറ്റ് സോപ്പിട്ട് കഴുകണം. ഏറിയ പങ്ക് വൈറസും ഇങ്ങനെ നശിക്കും. മുറിവുകള്‍ കെട്ടിവയ്ക്കാതെ വേഗം അലോപ്പതി ചികിത്സ തേടണം.
കുത്തിവയ്പിന് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഒരേ ഡോസ് തന്നെയാണ് നല്‍കുന്നത്. ഒന്ന്, മൂന്ന്, ഏഴ്, 21 എന്ന ക്രമത്തില്‍ നാല് കുത്തിവയ്പെടുക്കണം. ഇതിനുശേഷം മൂന്നു മാസത്തിനുള്ളില്‍ കടിയേറ്റാല്‍ വീണ്ടും ഡോസേജിന്റെ ആവശ്യമില്ല. സാധാരണയായി 90 ശതമാനവും നായകളില്‍നിന്നാണ് പേബാധ ഏല്‍ക്കുന്നത്.
റാബിസ് ബാധിച്ച മൃഗങ്ങളുടെ പാല്, മാംസം എന്നിവ അപകടകാരിയല്ല. ചൂടേറ്റാല്‍ വൈറസ് ചത്തുപോകും. അതിനാല്‍ തിളപ്പിച്ച പാലും വേവിച്ച ഇറച്ചിയും ധൈര്യമായി കഴിക്കാം. പാല് തിളപ്പിക്കാതെ കുടിക്കരുത്.
സ്വകാര്യ അന്യായം ഫയല്‍ ചെയ്യും
കഴിഞ്ഞ മാസം 20നു കോട്ടയം ചന്തക്കവലയില്‍ ബസിറങ്ങി നടന്നുപോകുമ്പോഴാണ് തെരുവുനായ കടിച്ചത്. ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും ചികിത്സ തേടി. ഇന്നു നാലാമത്തെ പ്രതിരോധ കുത്തിവയ്പ് എടുക്കുകയാണ്. എന്നെയും മറ്റ് ഏഴു പേരെയും കടിച്ച നായ അന്നു വൈകുന്നേരം ചത്തുവീണു.
പരിശോധനയില്‍ നായയ്ക്ക് പേബാധയുള്ളതായി കണ്ടെത്തി. ട്രേഡ് യൂണിയന് ഭാരവാഹിയായ എനിക്ക് പൊതുപ്രവര്‍ത്തനം ഒരു മാസമായി തടസപ്പെട്ടിരിക്കുകയാണ്. തെരുവു നായകളെ നിര്‍മാര്‍ജനം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും നിവേദനം നല്കി. ഹൈക്കോടതിയില്‍ ഒരു സ്വകാര്യ അന്യായം ഉടന്‍ ഫയല്‍ ചെയ്യും.
പി.ജെ. വര്ഗീസ്മുന് ചെയര്മാന്, കോട്ടയം നഗരസഭ
നായകളെ കാണുന്നതേ പേടി...
രണ്ടു മാസം മുമ്പ് റബര്‍ ടാപ്പിംഗിന് പോകുമ്പോഴാണ് നായകടിയേറ്റത്. പിന്നിലൂടെ ഓടിവന്ന് കാലില്‍ കടിക്കുകയായിരുന്നു. മല്‍പ്പിടിത്തത്തില്‍ നായ മുഖവും കടിച്ചു വികൃതമാക്കി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയാണ് വാക്സിനേഷന് എടുത്തത്. പരിക്കും വേദനയും മൂലം ഒരു മാസം വീട്ടില്‍ കഴിയേണ്ടിവന്നു. ഇപ്പോള്‍ നായകളെ കാണുമ്പോള്‍തന്നെ ഭയമാണ്. തെരുവുനായ ഭീഷണി ഇപ്പോഴും പ്രദേശത്തുണ്ട്.
ജോബി അമ്പാട്ട് സൗത്ത് പാമ്പാടി
തൊഴില്‍ നഷ്ടം നേരിട്ടു
വളര്‍ത്തു കോഴിയെ ഓടിക്കുന്ന ശബ്ദം കേട്ട് വീടിനു മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് എവിടെനിന്നോ പാഞ്ഞെത്തിയ നായയുടെ കടിയേറ്റത്. കാലും മുഖവുമെല്ലാം നായ കടിച്ചുപറിച്ചു. മെഡിക്കല്‍ കോളജില്‍ പോയി നാലു കുത്തിവയ്പ് എടുത്തു. ജോലിക്കാരനായ എനിക്ക് മൂന്നു മാസം ജോലിക്കു പോകാന്‍ സാധിച്ചില്ല. ചികിത്സയ്ക്ക് വലിയ തോതില്‍ പണച്ചെലവുണ്ടായി. മൂന്നുമാസം ജോലിയില്‍ നിന്നുള്ള വരുമാനവും നിലച്ചു. നായകടി ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
അനീഷ് ചാത്തംപുരയിടം കുറ്റിക്കല്‍
മരുന്ന് പുറത്തുനിന്നു വാങ്ങേണ്ടിവന്നു
മണര്‍കാട് പള്ളി കവലയ്ക്കും കാവുംപടിക്കും ഇടയ്ക്ക് അധ്യാപക ബാങ്കിനു മുന്നില്‍ വച്ച് ഓഗസ്റ്റ് എട്ടിനാണ് നായയുടെ കടിയേറ്റത്. കാലിന്റെ പിന്‍ഭാഗത്താണു കടിയേറ്റത്. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന എനിക്ക് മണര്‍കാട് ഹെല്‍ത്ത് സെന്ററില്‍നിന്നുമാണ് ബൂസ്റ്റപ്പ് ഡോസ് ലഭിച്ചത്. വേദനമൂലം പിന്നീട് ലോട്ടറി വില്ക്കാന് സാധിക്കാത്ത അവസ്ഥ നേരിട്ടു. ആശുപത്രിയില്‍നിന്നു മരുന്നു ലഭിക്കാത്തതുമൂലം പുറത്തുനിന്നുള്ള മരുന്ന് വാങ്ങിയാണ് കുത്തിവയ്പ് നടത്തിയത്.
ടി.എസ്. ശ്രീകാന്ത്പുത്തന്പറമ്പില്, കൊങ്ങാണ്ടൂര്‍
വീട്ടിൽ എല്ലാവരുടെയും ഉറക്കം നഷ്ടപ്പെട്ടു
ട്യൂഷനു പോകുമ്പോള്‍ വാഴപ്പള്ളി കല്‍ക്കുളത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് മകന് ഭാഗ്യനാഥിന് തെരുവുനായയുടെ കടിയേറ്റത്. ഉടനെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വേണ്ട ശുശ്രൂഷകളും കുത്തിവയ്പുമെടുത്തു.
രണ്ടു ദിവസങ്ങളിലായി രണ്ടു കുട്ടികളെ ഉള്‍പ്പെടെ എട്ടുപേരെയാണ് ഈ നായ കടിച്ചത്. കടിച്ച നായ ചാകുകയും പരിശോധനയില്‍ പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ മനോവിഷമം കൂടിയെന്നു മാത്രമല്ല വീട്ടില്‍ എല്ലാവരുടെയും ഉറക്കം നഷ്ടപ്പെട്ടു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ വിദഗ്ധ പരിശോധന നടത്തിയശേഷമാണ് ആശ്വാസമായത്.
കെ.വി. ഹാരിഷ് കേളമ്മാട്ട്, വാഴപ്പള്ളി