കീഴൂർ-ഞീഴൂർ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന്
1592322
Wednesday, September 17, 2025 7:04 AM IST
കടുത്തുരുത്തി: വർഷങ്ങളായി തകര്‍ന്നു തരിപ്പണമായ റോഡിലൂടെ കാല്‍നടയാത്രയ്ക്കുള്ള സൗകര്യമെങ്കിലും ഒരുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. കീഴൂര്‍-അറുനൂറ്റിമംഗലം-ഞീഴൂര്‍ റോഡ് ഗതാഗത യോഗ്യമാക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം. കീഴൂര്‍ മുതൽ അറുനൂറ്റിമംഗലം വരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു. വാട്ടര്‍ അഥോറിറ്റി പൈപ്പുലൈനിനായി കുത്തിപ്പൊളിച്ചതാണ് റോഡ് തകരാന്‍ കാരണം.
അറുനൂറ്റിമംഗലം മുതല്‍ ഞീഴൂര്വരെ പല സ്ഥലങ്ങളിലായി റോഡ് തകര്‍ന്നു കിടക്കുകയാണ്. ഇതുവഴി കാൽനടയാത്രപോലും ദുഷ്കരമാണ്. ഇരുചക്രവാഹന യാത്രക്കാര്‍ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസവും സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്.
റോഡ് നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് അധികൃതര്‍ ഇടയ്ക്കിടയ്ക്ക് പ്രസ്താവന ഇറക്കുന്നതല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. എത്രയും വേഗം ടാറിംഗ് പൂര്‍ത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.