ലോകസുറിയാനി സമ്മേളന പ്രതിനിധികൾ കുറവിലങ്ങാട് പള്ളിയിൽ
1592270
Wednesday, September 17, 2025 6:38 AM IST
കുറവിലങ്ങാട്: ലോകസുറിയാനി സമ്മേളന പ്രതിനിധികൾ ക്രൈസ്തവ ചരിത്രത്തിന്റെ വേരുകൾ കണ്ടും കേട്ടുമറിയാൻ കുറവിലങ്ങാട് പള്ളിയിലെത്തി. അവിഭക്ത നസ്രാണി സഭയുടെ കേന്ദ്രമായിരുന്ന കുറവിലങ്ങാട് ആദ്യ നൂറ്റാണ്ടിൽ തുടങ്ങുന്ന ക്രൈസ്തവ പാരമ്പര്യവും ലോകചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണവുമാണ് കുറവിലങ്ങാട് സന്ദർശിക്കാൻ പ്രേരിപ്പിച്ചതെന്നു സംഘത്തിലെ അംഗങ്ങൾ പറഞ്ഞു.
പള്ളിയിലെ ചുവരുകളിലെ സുറിയാനി ലിഖിതങ്ങളും പഴമ പേറുന്ന ശിലാരൂപങ്ങളുമൊക്കെ കൗതുകത്തോടെയാണ് സംഘം കണ്ടതും ചോദിച്ചറിഞ്ഞതും. പള്ളിയിലെത്തിയ സംഘം റംശാ നമസ്കാരം നടത്തി. പാരമ്പര്യ നസ്രാണി കലാരൂപങ്ങളായ മാർഗംകളിയും പരിചമുട്ടും സംഘത്തിനായി മർത്ത്മറിയം വിശ്വാസപരിശീലന കേന്ദ്രത്തിലെ വിദ്യാർഥികൾ അവതരിപ്പിച്ചു.
പള്ളിയിലെ ഫാ. തോമസ് മണക്കാട്ട് സ്മാരക ദേവമാതാ മ്യൂസിയത്തിലെ കാഴ്ചകൾ ചോദിച്ചറിയാൻ സംഘാംഗങ്ങൾ പ്രത്യേക താത്പര്യം കാട്ടി. കോട്ടയം സീരിയിൽ നടക്കുന്ന ലോകസുറിയാനി സംഗമത്തിൽ പങ്കെടുക്കുന്ന അറുപതോളം പേരാണ് പള്ളി സന്ദർശിച്ചത്. ഇത്രയും ചരിത്രപ്രാധാന്യമുള്ള പള്ളിയിലെത്താൻ കഴിഞ്ഞതിലുള്ള സന്തോഷം പലരും പങ്കുവച്ചു.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആഗോളസംഘത്തിനൊപ്പം പ്രാർഥനകളിൽ പങ്കുചേർന്നു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, അസി. വികാരിമാരായ ഫാ. തോമസ് താന്നിമലയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, പാസ്റ്ററൽ അസിസ്റ്റന്റുമാരായ ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ കൈക്കാരന്മാരും പള്ളിയോഗാംഗങ്ങളും കുടുംബകൂട്ടായ്മ പ്രതിനിധികളും ചേർന്നു സംഘത്തെ സ്വീകരിച്ചു.
ഡോ. എലെയ്ൻ ജെ. ഡൊസ്രാമാക്സ് (ഫ്രാൻസ്), ഡോ. ഹെറാൾഡ് സെർമാൻ (ജർമനി), ഡോ. ഫ്രാങ്കൊയ്സ് ബ്രിക്വൽ (ഫ്രാൻസ്), ഡോ. എ. മുരിയേൽ ഡെബി (ഫ്രാൻസ്), സീരി ഡയറക്ടർ റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ, പ്രഫ. ഡാനിയേൽ മക്നോട്ടി, പ്രവർട്ട് ആൽബെറിക് മാറ, റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ തുടങ്ങിയവർ ആശയങ്ങൾ പങ്കുവച്ചു.