പുതിയ ബസ് വേണം; തിരുനെൽവേലിക്ക് പോകാൻ
1592344
Wednesday, September 17, 2025 7:28 AM IST
ചങ്ങനാശേരി ഡിപ്പോയിലെ തിരുനെല്‍വേലി ബസിന് എന്ജിന് പണി
ചങ്ങനാശേരി: ചങ്ങനാശേരി ഡിപ്പോയില്‍നിന്നും തിരുനെല്‍വേലിക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ് എന്ജിന് തകരാറിനെത്തുടര്‍ന്ന് പണിക്കു കയറ്റി. സര്‍വീസ് നടത്തുന്നതിനിടെ ചെങ്ങന്നൂരില്വച്ച് കേടായ ഈ ബസ് അവിടെ സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു. കാല് നൂറ്റാണ്ടിലധികമായി ചങ്ങനാശേരി ഡിപ്പോയില്‍നിന്നും സര്‍വീസ് നടത്തുന്ന ഇന്റര്‍സ്റ്റേറ്റ് സര്‍വീസുകളിലൊന്നാണിത്. ഇന്റര്‍സ്റ്റേറ്റ് പെര്‍മിറ്റുള്ള ബസ് പുനലൂര്‍ ഡിപ്പോയില്‍നിന്നും പകരം വരുത്തിയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. തിരുനെല്‍വേലി സര്‍വീസിന് പുതിയ ബസ് അനുവദിക്കണമെന്നാണ് ആവശ്യം.
രാവിലെ 7.15ന് ചങ്ങനാശേരിയില്‍ നിന്നാരംഭിച്ച് ചെങ്ങന്നൂര്‍, പന്തളം, അടൂര്‍, പത്തനാപുരം, പുനലൂര്‍, തെന്മല, ആര്യങ്കാവ്, തെങ്കാശിവഴി 1.30ന് തിരുനെല്‍വേലിയില്‍ എത്തുന്നതാണ് ഈ സര്‍വീസ്. അവിടെനിന്നും 2.30ന് തിരികെ കോട്ടയത്തേക്കുപോയി രാത്രി പത്തിന് ചങ്ങനാശേരിയിലെത്തി അവസാനിക്കുന്ന സര്‍വീസാണിത്.
വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥർ, വ്യാപാരികള്‍ ഉള്‍പ്പെട്ട നിരവധി യാത്രക്കാര്‍ ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി, തിരുനെല്‍വേലി തുടങ്ങിയ ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്ന ബസാണിത്. പഴക്കംചെന്ന ബസാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. 425 കിലോമീറ്റര്‍ ദൂരമുള്ള ഈ സര്‍വീസിന് ഇരുപതിനായിരത്തോളം രൂപ കളക്ഷനുണ്ട്.
അടുത്തിടെ കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ ഇറക്കിയെങ്കിലും പേരിനുപോലും ഒരു ബസ് ചങ്ങനാശേരിക്ക് ലഭിച്ചിരുന്നില്ല.
വേളാങ്കണ്ണി സര്‍വീസിന് സൂപ്പര്‍ എക്സ്പ്രസ് ബസ് അനുവദിക്കണം
മറ്റൊരു ഇന്റര്‍സ്റ്റേറ്റ് സര്‍വീസായ വേളാങ്കണ്ണി സര്‍വീസ് സ്വിഫ്റ്റ് ഏറ്റെടുത്തതോടെ പ്രതിസന്ധിയിലാണ് നീങ്ങുന്നത്. ഡീലക്സ് ബസാണ് സര്‍വീസ് നടത്തുന്നത്. ഈ സര്‍വീസിനായി സൂപ്പര്‍ എക്സ്പ്രസ് നല്‍കാമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ഉറപ്പ് നല്‍കിയെങ്കിലും ബസ് എത്തിയിട്ടില്ല.
അതേസമയം, പാലക്കാട് ഡിപ്പോയില്‍നിന്നു വേളാങ്കണ്ണിക്ക് പുതിയ ഇന്റര്‍സ്റ്റേറ്റ് സര്‍വീസിന് പ്രെപ്പോസല്‍ കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ അനുമതിക്കായി നല്‍കിയിരിക്കുകയാണ്. അതേ സമയം, വരുമാനക്കുറവു പറഞ്ഞ് ചങ്ങനാശേരി ഡിപ്പോയില്‍നിന്നുള്ള പളനി, കോയമ്പത്തൂര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു.
ചങ്ങനാശേരിയില്‍നിന്നു ബംഗളൂരുവിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.