വന്യജീവി നിയമഭേദഗതി ബില്ല് തട്ടിപ്പ്: ബിജെപി
1592272
Wednesday, September 17, 2025 6:38 AM IST
കോട്ടയം: സംസ്ഥാനം കൊണ്ടുവന്ന വനം-വന്യജീവി നിയമ ഭേദഗതി ബില്‍ കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പ് മാത്രമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജും കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവനും പത്രസമ്മേളനത്തിൽ പറഞ്ഞു.
നിയമസഭയില്‍ രണ്ടു മുന്നണികളും സംയുക്തമായി ഈ ബില്ലിനെ പിന്തുണയ്ക്കുന്നത് വസ്തുതകള്‍ മറച്ചുവയ്ക്കാനും കഴിഞ്ഞ കാലങ്ങളില്‍ കര്‍ഷകരോട് കാട്ടിയ ദ്രോഹ നിലപാടുകളില്‍നിന്ന് ശ്രദ്ധ തിരിക്കാനും വേണ്ടിയാണ്. വന്യമൃഗങ്ങളുടെ ആക്രമണം കഴിഞ്ഞ 10 വര്‍ഷമായി ഉണ്ടായിട്ടുള്ള ഒന്നല്ല.
കേരളത്തിലെ രണ്ടു മുന്നണികള്‍ക്കും വലിയ സ്വാധീനമുള്ള ഗവണ്മെന്റുണ്ടായ കാലഘട്ടത്തില്‍പോലും നടപ്പിലാക്കാന്‍ ശ്രമിക്കാത്ത ഭേദഗതികളുമായാണ് ഇപ്പോള്‍ രംഗത്തു വന്നിട്ടുള്ളത്. ഇത് കര്‍ഷകരോടുള്ള ആത്മാര്‍ഥതയല്ല മറിച്ചു തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള തന്ത്രം മാത്രമാണ്. 1972ൽ പാസാക്കിയ വനം-വന്യജീവി സംരക്ഷണ നിയമത്തെയാണ് ഭേദഗതി വരുത്തിയിരിക്കുന്നതെന്നു പറയുന്നത്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് പുറത്ത് കളക്ടര്‍മാര്‍ക്ക് വലിയ മൃഗങ്ങളെ വെടിവച്ചു കൊല്ലുന്നതിനുള്ള അവകാശം കൊടുക്കുന്നതാണു പുതിയ നിയമം എന്നാണു പറയുന്നത്. നിലവിലെ നിയമം ഇതിനു പര്യാപ്തമാണ് എന്നതാണു വസ്തുത.
കേന്ദ്ര വനം മന്ത്രാലയം സംസ്ഥാന ഗവണ്മെന്റിന് നല്‍കിയിട്ടുള്ള കത്തില്‍ കൃത്യമായി സെക്ഷന്‍ 11 (ഐ)എ, 11 (ഐ)ബി പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, മനുഷ്യജീവനോ സ്വത്തുക്കള്‍ക്കോ ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് കാണിച്ചിട്ടുണ്ട്. ഈ കത്ത് 2025 ഏപ്രില്‍ മൂന്നിനു ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് സംസ്ഥാന ഗവര്‍മെന്റിനെ അയച്ചിട്ടുള്ളതുമാണ്.
ഇത്രയും വ്യക്തമായ ഉത്തരവ് നിലനില്‍ക്കേ ഇപ്പോള്‍ വീണ്ടും വന്യജീവികളെ വെടിവയ്ക്കാന്‍ അനുമതി തേടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ഷോണ്‍ ജോര്‍ജും ഷാജി രാഘവനും പറഞ്ഞു.