സാംസ്കാരിക നിലയത്തിന് തറക്കല്ലിട്ടു
1592267
Wednesday, September 17, 2025 6:38 AM IST
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് 18-ാം വാർഡിലെ ഞള്ളമറ്റത്ത് പുതുതായി നിർമിക്കുന്ന സാംസ്കാരിക നിലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
പൊതുജനങ്ങൾക്ക് സമ്മേളിക്കാനുള്ള ഹാൾ വേണമെന്ന ദീർഘനാളായുള്ള ആവശ്യമാണ് പുതിയ കെട്ടിടം നിർമിക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്നത്. നിലവിൽ ഗ്രാമസഭകളും തെരഞ്ഞെടുപ്പ് ബൂത്തും അസൗകര്യങ്ങളേറെയുള്ള ഒരു കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. മൂന്നു നിലയിലുള്ള കെട്ടിടം നിർമിക്കാനാണ് ഫൗണ്ടേഷൻ ഇട്ടിരിക്കുന്നത്. ഇതിനായി 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നു.
കെട്ടിട നിർമാണത്തിന്റെ ശിലാസ്ഥാപനകർമം ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, റിജോ വാളാന്തറ, ഡാനി ജോസ്, സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, ഷാജി വടക്കേടത്ത്, സജി മുട്ടത്ത്, ജോസഫ് മുസോളിനി എന്നിവർ പ്രസംഗിച്ചു.