മഞ്ഞപ്പിത്തം: കോട്ടയം ഐഐഐടി അടച്ചു
1592273
Wednesday, September 17, 2025 6:38 AM IST
പാലാ: വിദ്യാര്‍ഥികളില്‍ മഞ്ഞപ്പിത്തം വ്യാപകമായതിനെത്തുടര്‍ന്ന് വലവൂരിലെ കോട്ടയം ട്രിപ്പിള്‍ ഐടി കാമ്പസ് ഒക്ടോബര്‍ ആറുവരെ അടച്ചു. മഞ്ഞപ്പിത്തം പകരുന്നത് തടയാന്‍ മുന്‍ കരുതലെടുക്കുന്നതിന്റെ ഭാഗമായാണ് തത്കാലത്തേക്ക് അടച്ചതെന്ന് കാമ്പസ് രജിസ്ട്രാര്‍ എം. രാധാകൃഷ്ണന് പറഞ്ഞു.
20ല്‍ പരം കുട്ടികള്‍ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. ആന്ധ്രാ സ്വദേശിയായ വിദ്യാര്‍ഥിക്കാണ് ആദ്യം രോഗമുണ്ടായത്. തുടര്‍ന്ന് മറ്റു വിദ്യാര്‍ഥികള്‍ക്കും പകരുകയായിരുന്നു.
ഇതിനെത്തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം കാമ്പസിന് അവധി നല്‍കിയത്. രോഗം നിയന്ത്രണ വിധേയമാണെന്ന് ട്രിപ്പിള്‍ ഐടി അധികൃതര്‍ പറഞ്ഞു.
രോഗം പിടിപെട്ട കുട്ടികളില്‍നിന്ന് മറ്റു കുട്ടികള്‍ക്ക് അണുബാധയുണ്ടാകുവാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് അടുത്തമാസംവരെ അവധി നല്‍കിയത്. അതേസമയം കാമ്പസിലെ മാലിന്യ സംസ്കരണം സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമാണെന്നും ഇതു സംബന്ധിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ പറയുന്നു.
അതേസമയം കാമ്പസിന് സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലുകളുടെ ശൗചാലയ മാലിന്യ സംസ്കരണം സംബന്ധിച്ച് പരിശോധന നടത്താന്‍ അധികൃതര്‍ തയാറാവുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.