ഓര്‍മച്ചെപ്പില്‍ "ദൈവസ്നേഹത്തിന്റെ വിളക്കുമാടം’
1592462
Wednesday, September 17, 2025 11:32 PM IST
റെജി ജോസഫ്
കോട്ടയം: കാലംചെയ്ത മുന്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയെക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരമാണ് ‘’ദൈവസ്നേഹത്തിന്റെ വിളക്കുമാടം’’. തൂങ്കുഴി കുടുംബാംഗങ്ങളെയും പാലാ രൂപതയിലെ വിളക്കുമാടം സെന്റ് സേവ്യേഴ്സ് മാതൃ ഇടവകയെയും കരുതലോടെ സ്നേഹിച്ച പിതാവായിരുന്നു കാലംചെയ്ത മാര്‍ ജേക്കബ് തൂങ്കുഴി.
കുടുംബയോഗത്തിന്റെ രക്ഷാധികാരിയുമായിരുന്നു പിതാവ്. ആരോഗ്യപ്രശ്നങ്ങളുണ്ടായിരിക്കെയും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇക്കൊല്ലം മാര്‍ച്ചില്‍ കുടുംബയോഗസമ്മേളനം നടത്തിയത് വിശ്രമ ജീവിതം നയിച്ചിരുന്ന തൃശൂരിലാണ്. വീല്‍ ചെയറില്‍ എത്തി കുടുംബാംഗങ്ങോളോട് കുശലം പറഞ്ഞും അനുഗ്രഹം ചൊരിഞ്ഞും സ്നേഹവിരുന്നില്‍ പങ്കെടുത്തുമാണ് പിതാവ് പിരിഞ്ഞതെന്ന് കുടുംബയോഗം സെക്രട്ടറി മാത്യു സഖറിയാസ് തൂങ്കുഴി അനുസ്മരിച്ചു.
വിളക്കുമാടം തൂങ്കുഴി കുര്യന്-മാമ്മി ദമ്പതികളുടെ പുത്രനായ മാര്‍ ജേക്കബ് തൂങ്കുഴി (ചാക്കോച്ചന്) യുടെ പ്രൈമറി വിദ്യാഭ്യാസം വിളക്കുമാടത്തും ഹൈസ്കൂള്‍ പഠനം ഭരണങ്ങാനത്തുമായിരുന്നു. ഇതിനുശേഷമാണ് സെമിനാരി പഠനത്തിന് പോയത്. പാലാ രൂപതയിലെയും വിളക്കുമാടം ഇടവകയിലെയും നിരവധി പരിപാടികള്‍ക്ക് മാര്‍ തൂങ്കുഴിയുടെ സാന്നിധ്യമുണ്ടായിരുന്നു.
മാതൃ ഇടവകയില്‍ നിരവധി തവണ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. റോമില്‍നിന്ന് ഉപരിപഠനത്തിനുശേഷം തിരികെ വന്ന് തലശേരി അതിരൂപതയുടെ പ്രഥമ ബിഷപ്പും പാലാ രൂപത കുടക്കച്ചിറ ഇടവകാംഗവുമായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയുടെ സെക്രട്ടറിയായും രൂപത ചാന്‍സലറുമായും സേവനമനുഷ്ഠിച്ചു. തുടര്‍ന്നാണ് അവിടെ മൈനര്‍ സെമിനാരി റെക്ടറായത്.