ജില്ലയിലെ മൂന്ന് പച്ചത്തുരുത്തുകള്‍ക്ക് സംസ്ഥാനതല അംഗീകാരം
1592460
Wednesday, September 17, 2025 11:32 PM IST
കോട്ടയം: ജില്ലയിലെ മൂന്ന് പച്ചത്തുരുത്തുകള്‍ക്ക് സംസ്ഥാനതല അംഗീകാരം ലഭിച്ചു. തദ്ദേശ സ്വയംഭരണ വിഭാഗത്തില്‍ കല്ലറ പഞ്ചായത്തിന് അഞ്ചാം സ്ഥാനവും ഇതേ വിഭാഗത്തില്‍ കടനാട് പഞ്ചായത്തിന് പ്രത്യേക ജൂറി പുരസ്കാരവും വാഴൂര്‍ പഞ്ചായത്തിനു പ്രത്യേക ബഹുമതിയും ലഭിച്ചു. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരവും ബഹുമതിപത്രവും നല്കി.
കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്ത് എസ്കെവി യുപിഎസ് ഗ്രൗണ്ടിന് സമീപം 25 സെന്റ് ഭൂമിയില്‍ ഒരുക്കിയിട്ടുള്ള പച്ചത്തുരുത്ത് ജൈവവൈവിധ്യത്തിന്റെയും ഔഷധസസ്യ സമൃദ്ധിയുടെയും വേറിട്ട കാഴ്ചയായി കണ്ടെത്തി. 52 ഇനങ്ങളിലുള്ള ഇരുനൂറിലധികം സസ്യങ്ങളാണ് ഇവിടെയുള്ളത്. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും കല്ലറയിലെ പച്ചത്തുരുത്തിനായിരുന്നു. കടനാട് തോടിന്റെ ഇരുകരകളിലുമായി കടനാട് പഞ്ചായത്ത് വച്ചുപിടിപ്പിച്ച പച്ചത്തുരുത്തിനാണ് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്.