ജില്ലാ പഞ്ചായത്ത് സ്ത്രീപക്ഷ നവകേരളം; സംവാദവും വിപണനമേളയും ഇന്നുമുതല്‍
1592459
Wednesday, September 17, 2025 11:32 PM IST
കോട്ടയം: ജില്ലാ പഞ്ചായത്ത് സ്ത്രീപക്ഷ നവകേരളം എന്നപേരില്‍ സംവാദവും വിപണന മേളയും ഇന്നുമുതല്‍ 20 വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ രാവിലെ 10മുതല്‍ വൈകുന്നേരം അഞ്ചുവരെ നടത്തും.
വനിതാ ശിശുവികസന വകുപ്പ് മുഖേനയാണ് മൂന്നു ദിവസത്തെ സ്ത്രീപക്ഷ ലിംഗ സമത്വ കാഴ്ചപ്പാടുള്ള നവകേരള സൃഷ്ടിക്കായി സംവാദം നടത്തുന്നത്. ഇന്നു രാവിലെ 10ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തും. നിഷ ജോസ് കെ. മാണി വിശിഷ്ടാതിഥിയായിരിക്കും. തുടര്‍ന്ന് ജനാധിപത്യ പ്രക്രിയയില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്നവിഷയത്തില്‍ പാനല്‍ ചര്‍ച്ച നടത്തും. ഇ.എസ്. ബിജിമോള്‍, ലതികാ സുഭാഷ്, ഷീജ അനില്‍, പ്രഫ. റോണി കെ. ബേബി, ഡോ. പി.എം. ആരതി എന്നിവര്‍ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ മഴവില്‍ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സിനിമ പ്രദര്‍ശനവും പാനല്‍ ചര്‍ച്ചയും നടക്കും. നാളെ രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം സാമൂഹ്യ പ്രവര്‍ത്തക ദയാബായി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് അതിജീവിതമാര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഡിജിറ്റല്‍ മാര്ക്കറ്റിംഗിനെക്കുറിച്ചു ക്ലാസ്. തുടര്‍ന്ന് മാതംഗി സത്യമൂര്‍ത്തിയുടെ കര്‍ണാട്ടിക് മ്യൂസിക്. 20നു രാവിലെ ഒമ്പതിന് യോഗ ക്ലാസും യോഗ ഡെമോണ്‍സ്ട്രേഷനും. തുടര്‍ന്ന് സ്ത്രീയും മാനസിക ആരോഗ്യവും എന്ന വിഷയത്തില്‍ ക്ലാസും ചര്‍ച്ചയും- ഡോ. എം.കെ. അരുഷ്മ നേതൃത്വ നല്‍കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും.
കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ജില്ലാ പഞ്ചായത്ത് അംഗം പി.എം. മാത്യു, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.