തിലകന്റെ പേര് മോശമാക്കാൻ ഒരു പാർക്കും ലേക്കും!
1592439
Wednesday, September 17, 2025 11:32 PM IST
മുണ്ടക്കയം ഈസ്റ്റ്: മഹാനടൻ തിലകന്റെ സ്മരണയ്ക്കായി ജന്മനാടായ മണിക്കല്ലിൽ നിർമിച്ച തിലകൻ സ്മാരക ലേക്ക് ആൻഡ് പാർക്ക് നാശത്തിന്റെ വക്കിൽ. ഉൾനാടൻ ടൂറിസം സാധ്യത തുറക്കുന്നതായിരുന്നു പെരുവന്താനം പഞ്ചായത്തിലെ മണിക്കല്ലിൽ ആരംഭിച്ച തിലകൻ സ്മാരക ലേക്ക് ആൻഡ് പാർക്ക്.
മണിക്കൽ റബർ എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു തിലകന്റെ പിതാവ്. തിലകൻ പ്രാഥമിക വിദ്യാഭ്യാസം നടത്തിയതും നാടകാഭിനയത്തിന് തുടക്കംകുറിച്ചതും മണിക്കലിലാണ്.
തുടക്കം ഗംഭീരം
പെരുവന്താനം പഞ്ചായത്ത് 1.15 കോടി രൂപ ചെലവഴിച്ചാണ് പാർക്ക് നിർമിച്ചത്. 2020 സെപ്റ്റംബർ 14ന് അന്നത്തെ എൽഡിഎഫ് ഭരണസമിതിയാണ് പാർക്ക് തുറന്നത്. ഓപ്പൺ തിയറ്റർ, കൊട്ടവഞ്ചി, ഇരിപ്പിടങ്ങൾ, പെഡൽ ബോട്ട് എന്നിവ ഒരുക്കി. കൂടാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും ടോയ്ലറ്റ് സൗകര്യവും കോഫിഷോപ്പും ഉണ്ടായിരുന്നു.
ഓരോ ദിവസവും നൂറുകണക്കിന് ആളുകളാണ് പാർക്കിലെത്തി ആസ്വദിച്ച് മടങ്ങിയിരുന്നത്. മൂന്നു സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനായും പാർക്ക് മാറി. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പാഞ്ചാലിമേട്ടിലേക്കുള്ള യാത്രയിൽ പല ആളുകളും വിശ്രമകേന്ദ്രമായി മണിക്കൽ പാർക്ക് തെരഞ്ഞെടുത്തു. ഇതോടെ മാണിക്കൽ പാർക്കിനു പ്രസിദ്ധിയും ലഭിച്ചു.
ഉപേക്ഷിക്കപ്പെട്ടപ്പോൾ
ആദ്യ സമയത്തു പ്രവേശന ഫീസ് ഇനത്തിൽ പ്രതിദിനം 8,500 രൂപ വരെ ലഭിച്ചിരുന്നു. തദ്ദേശീയരായ അഞ്ചു പേർക്ക് ജോലിയും നൽകി. എന്നാൽ, ഒരു വർഷം പിന്നിടും മുമ്പേ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പാർക്ക് അടച്ചു. പിന്നീടുവന്ന യുഡിഎഫ് പെരുവന്താനം പഞ്ചായത്ത് ഭരണസമിതി പാർക്ക് തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിച്ചില്ല. ഇതിനെതിരേ വലിയ വിമർശനം ഉയർന്നു. ഇതോടെ സ്വകാര്യ വ്യക്തിക്ക് കരാർ അടിസ്ഥാനത്തിൽ പാർക്കിന്റെ ചുമതല നൽകാൻ നീക്കമുണ്ടായി. എന്നാൽ, പ്രതിഷേധം ഉയർന്നതോടെ ഇതു നിലച്ചു. പാർക്ക് തുറക്കുമെന്നു നിലവിലെ ഭരണസമിതി നിരവധി തവണ പ്രഖ്യാപനം നടത്തിയെങ്കിലും ഒന്നുമുണ്ടായില്ല.
നിലച്ചിട്ട് അഞ്ചു വർഷം; ലക്ഷങ്ങളുടെ മുതൽ
പാർക്കിന്റെ പ്രവർത്തനം നിലച്ചിട്ട് അഞ്ചു വർഷം. കൊട്ടവഞ്ചിയും ബോട്ടുകളുമെല്ലാം തുരുമ്പെടുത്തു നശിക്കുന്നു. ലക്ഷങ്ങൾ മുടക്കി പണിത കെട്ടിടവും വെറുതേ കിടന്നു നശിക്കുന്നു.
പാർക്കിലെ ഇരിപ്പിടങ്ങളും പൂന്തോട്ടവുമെല്ലാം കാടുകയറി. പൊതുഖജനാവിൽനിന്ന് ഒന്നേകാൽ കോടിയോളം രൂപ മുടക്കി നിർമിച്ച പാർക്കും അനുബന്ധ സൗകര്യങ്ങളും വെറുതേ കിടന്നു നശിക്കാൻ കാരണം രാഷ്ട്രീയപ്പോര് തന്നെ. ഇടതുമുന്നണി കൊണ്ടുവന്ന പദ്ധതി പഞ്ചായത്ത് നേരിട്ടാണ് നടത്തിയിരുന്നത്.
ഇതിനായി താത്കാലിക ജീവനക്കാരെയും നിയോഗിച്ചിരുന്നു. പിന്നീട് വന്ന യുഡിഎഫ് ഭരണസമിതി നിലവിൽ ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരെ മാറ്റി കരാറടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തിക്കു നടത്തിപ്പ് കൊടുക്കാൻ തീരുമാനിച്ചതോടെയാണ് പോരു തുടങ്ങിയത്. പാർക്ക് തുറന്നു പ്രവർത്തിച്ചാൽ മുൻ എൽഡിഎഫ് ഭരണസമിതി ഇതിന്റെ നേട്ടം കൊയ്യുമെന്ന രാഷ്ട്രീയ നിലപാടാണ് പിന്നീട് വന്ന യുഡിഎഫ് ഭരണസമിതി ഇതു തുറക്കാൻ മുൻകൈയെടുക്കാത്തതിനു കാരണമെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
ഏകയവും കയത്തിൽ
മണിക്കൽ ലേക്ക് ആൻഡ് പാർക്ക് പദ്ധതിക്ക് ഒപ്പം പെരുവന്താനം പഞ്ചായത്തിൽ കൊണ്ടുവന്ന മറ്റൊരു പ്രധാന പദ്ധതിയായിരുന്നു ഏകയം ടൂറിസം പദ്ധതി. മുൻ പഞ്ചായത്ത് പ്രസിഡന്റ്
കെ.ടി. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു പാഞ്ചാലിമേട് ടൂറിസ്റ്റ് കേന്ദ്രത്തിനൊപ്പം ഏകയം ടൂറിസം പദ്ധതിയും ആവിഷ്കരിച്ചത്.
പുലിമുരുകൻ അടക്കമുള്ള പ്രധാന സിനിമകളുടെ ലൊക്കേഷനായ ഇവിടം ടൂറിസത്തിന്റെ അനന്ത സാധ്യതകൾ നിലനിൽക്കുന്ന പ്രദേശമാണ്. എന്നാൽ, ഇവിടെ വലിയ ടൂറിസം പദ്ധതി വിഭാവനം ചെയ്തെങ്കിലും പിന്നീട് വന്ന ഭരണസമിതി ഇതിനുവേണ്ടി ഒന്നും ചെയ്തില്ല.