തല രക്ഷിക്കാൻ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ
1223911
Friday, September 23, 2022 10:14 PM IST
തൊടുപുഴ: ഹർത്താലനുകൂലികളുടെ ആക്രമണമുണ്ടായാൽ തല രക്ഷിക്കാനായി ഹെൽമറ്റ് ധരിച്ച് ബസോടിച്ച് കെഎസ്ആർടിസി ഡ്രൈവർ. തൊടുപുഴ ഡിപ്പോയിലെ ഡ്രൈവർ അബ്ദുൾ ലത്തീഫാണ് ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് വച്ച് വാഹനമോടിച്ചത്.
ഇടവെട്ടിയിലെ വീട്ടിൽനിന്നു ഇരുചക്ര വാഹനത്തിലാണ് അബ്ദുൾ ലത്തീഫ് പതിവായി ഡിപ്പോയിലെത്തുന്നത്. ഇന്നലെ രാവിലെ ആറിനുള്ള തൃശൂർ സർവിസിലായിരുന്നു ഡ്യൂട്ടി. കെഎസ്ആർടിസി ബസുകൾക്ക് സംരക്ഷണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും രാവിലെയെത്തിയപ്പോൾ പോലീസ് സംരക്ഷണം ഉണ്ടായിരുന്നില്ല. ഇതോടെയാണ് കല്ലേറുണ്ടായാൽ തലയ്ക്ക് പരിക്കേൽക്കാതിരിക്കാൻ ബൈക്കോടിക്കുന്പോൾ ഉപയോഗിക്കുന്ന ഹെൽമറ്റ് അബ്ദുൾ ലത്തീഫ് ഉപയോഗിച്ചത്. തൊടുപുഴ മുതൽ തൃശൂർ വരെയും തിരിച്ചും ഹെൽമറ്റ് ധരിച്ചാണ് വാഹനമോടിച്ചത്.
ആലുവ മുതൽ പോലീസ് സംരക്ഷണയിലാണ് ബസ് തിരികെ തൊടുപുഴയിൽ എത്തിച്ചത്. മുന്പ് നടന്ന രണ്ട് ഹർത്താലുകളിൽ അബ്ദുൾ ലത്തീഫിന് കണ്ണിനും മുഖത്തും പരിക്കേറ്റിരുന്നു. ഇത്തരത്തിൽ കല്ലേറു പോലുള്ള ആക്രമണമുണ്ടായാൽ സ്വയം പ്രതിരോധമെന്ന നിലയ്ക്കാണ് ഹെൽമറ്റ് ധരിച്ചതെന്ന് അബ്ദുൾ ലത്തീഫ് പറഞ്ഞു.
കണ്ടക്ടർ ചുനക്കര സ്വദേശി രാധാകൃഷ്ണൻ നായരും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.