അതിതീവ്ര മഴ സാധ്യത: ജാഗ്രതാ നിർദേശം
1601805
Wednesday, October 22, 2025 6:16 AM IST
തൊടുപുഴ: ഇന്ന് അതി തീവ്രമഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ ജില്ലയിൽ ജാഗ്രതാ നിർദേശം. ഏതാനും ദിവസങ്ങളായി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഹൈറേഞ്ച് മേഖലയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. കുമളി, കട്ടപ്പന, നെടുങ്കണ്ടം മേഖലകളിൽ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടൽ , മണ്ണിടിച്ചിൽ എന്നിവ മൂലം വലിയ തോതിൽ നാശമുണ്ടായി. ഇന്നു ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒട്ടേറെ വീടുകളും വ്യാപാര സ്ഥാപനങ്ങളും മഴക്കെടുതിക്കിരയായി. വാഹനങ്ങളും വളർത്തുമൃഗങ്ങളും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയും നഷ്ടമുണ്ടായി. നഷ്ടക്കണക്കുകൾ ജില്ലാ ഭരണകൂടം തിട്ടപ്പെടുത്തി വരുന്നതേയുള്ളു. ദുരിതത്തിനിരയായവർക്ക് അടിയന്തര സഹായം എത്തിക്കണമെന്നും വിവിധ മേഖലകളിൽനിന്ന് ആവശ്യമുയരുന്നുണ്ട്.
ട്രക്കിംഗിനും ബോട്ടിംഗിനും നിരോധനം ഇന്ന് റെഡ്
അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള എല്ലാവിധ ജലവിനോദങ്ങളും നിരോധിച്ചു. ദുരന്ത സാധ്യതയുളള മേഖലകളിലെ വിനോദ സഞ്ചാരങ്ങളും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിംഗും മറ്റെല്ലാ സാഹസിക വിനോദങ്ങളും റെഡ് അലർട്ട് പിൻവലിക്കുന്നതുവരെ നിർത്തിവയ്ക്കണം. മലയോര മേഖലയിൽ വൈകുന്നേരം ഏഴു മുതൽ രാവിലെ ആറു വരെയുള്ള യാത്ര നിരോധിച്ചു. കൂടാതെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഒഴികെയുള്ള എല്ലാവിധ ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും ജില്ലാ കളക്ടർ നിരോധിച്ചു.
വൻ കൃഷിനാശം
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശമാണ് ജില്ലയിലുണ്ടായത്. 81.44 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതായാണ് കൃഷി വകുപ്പിന്റെ കണക്ക്. 1.47 കോടിയുടെ നഷ്ടമുണ്ടായി. ഏലമാണ് വ്യാപകമായി നശിച്ചത്. 57.82 ഹെക്ടർ സ്ഥലത്തെ ഏലച്ചെടികൾ കാറ്റിലും മഴയിലും വെള്ളം കയറിയും നിലംപൊത്തി. 44.7 ലക്ഷം രൂപയുടെ നഷ്ടമാണ് ഏലം മേഖലയിലുണ്ടായത്. ഇതിനു പുറമെ കുരുമുളക്, പച്ചക്കറി, നെല്ല്, ജാതി എന്നിവയും നശിച്ചു. നെടുങ്കണ്ടം, കരുണാപുരം, ഉടുന്പൻചോല, ചക്കുപള്ളം, കുമളി, ഇരട്ടയാർ, വണ്ടൻമേട്, കാഞ്ചിയാർ, വാത്തിക്കുടി, ഇടവെട്ടി പഞ്ചായത്തുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലുമാണ് കൂടുതൽ കൃഷിനാശമുണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ഇടുക്കി: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, മദ്രസകൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല. വിദ്യാർഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.