വനംവകുപ്പ് റോഡ് കെട്ടിയടച്ചു; മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് കാന്തല്ലൂർ പഞ്ചായത്ത്
1601807
Wednesday, October 22, 2025 6:16 AM IST
തൊടുപുഴ: കാന്തല്ലൂർ-കുണ്ടള റോഡിന്റെ ഭാഗമായ സേതുപാർവതിപുരം പിഡബ്ല്യുഡി റോഡ് അടിയന്തരമായി തുറന്നുനൽകണമെന്ന് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. തങ്കച്ചൻ, പൊതുപ്രവർത്തകൻ സിജോ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സുപ്രീംകോടതി നിയോഗിച്ച സെൻട്രൽ എംപവേർഡ് കമ്മിറ്റി നിർദേശം തെറ്റായി വ്യാഖ്യാനിച്ചാണ് ആദിവാസി കുടികളിലേക്കടക്കം നിരവധി പേർ സഞ്ചരിക്കുന്ന കുണ്ടള-കാന്തല്ലൂർ പിഡബ്ല്യുഡി റോഡ് വനം വകുപ്പ് അടച്ചത്.
ഈ വഴി തുറന്നുനൽകിയാൽ ആയിരക്കണക്കിനു സഞ്ചാരികൾ എത്തുന്ന മൂന്നാർ-രാജമല റോഡിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകും. ഈ ആവശ്യം ഉന്നയിച്ച് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതായും കമ്മീഷൻ കേസ് ഇന്നു പരിഗണിക്കുമെന്നും ഇവർ പറഞ്ഞു. ഇതുമൂലം കാന്തല്ലൂർ നിവാസികൾക്ക് വട്ടവട, കോവിലൂർ, മാട്ടുപ്പെട്ടി, മൂന്നാർ എന്നിവിടങ്ങളിൽ എത്തണമെങ്കിൽ 58 കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കണം.
സേതുപാർവതിപുരം റോഡിലൂടെ 35 കിലോമീറ്റർ സഞ്ചരിച്ചാൽ മൂന്നാറിലെത്താമായിരുന്നു. 14 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ പെരുമല ചെക്ക്പോസ്റ്റ്മുതൽ മെത്താപ്പ് വരെയുള്ള ആറു കിലോമീറ്റർ ഭാഗമാണ് കെട്ടിയടച്ചത്.
മന്നവൻചോല റിസർവ് വനത്തിലൂടെ കടന്നുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി 1980ലെ വനനിയമ പ്രകാരമാണ് വൈൽഡ് ലൈഫ് വാർഡൻ നാലു മീറ്റർ വീതിയുണ്ടായിരുന്ന ടാറിംഗ് റോഡിലൂടെയുള്ള ഗതാഗതം വിലക്കിയത്.
പെരുമല, മെത്താപ്പ് എന്നിവിടങ്ങളിൽ ചെക്ക്പോസ്റ്റും ഗേറ്റും സ്ഥാപിക്കുകയും ചെയ്തു. ഇതിനെതിരേ നാട്ടുകാർ സമർപ്പിച്ച ഹർജിയിലാണ് 200 സെപ്റ്റംബർ 30ന് സെൻട്രൽ എംപവേർഡ് കമ്മിറ്റി റോഡിനു വീതികൂട്ടുന്നതു വിലക്കി ഉത്തരവിറക്കിയത്.
എന്നാൽ, ഇതിനെ ഗതാഗതവിലക്കായി വ്യാഖ്യാനിച്ച് 2007ൽ വനംവകുപ്പ് വഴി അടയ്ക്കുകയായിരുന്നു. ഈ ഭാഗത്ത് ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം സ്ഥാപിക്കാനുള്ള പഞ്ചായത്തിന്റെ നീക്കം തടഞ്ഞ വനം വകുപ്പ് 13 പഞ്ചായത്തംഗങ്ങൾക്കെതിരേ വനനിയമം ലംഘിച്ചതിന് കേസെടുക്കുകയും ചെയ്തു.
തുടർന്നു നാട്ടുകാർ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. കമ്മീഷൻ റോഡിന്റെ നിജസ്ഥിതി സംബന്ധിച്ച് വനംവകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ നൽകിയിട്ടില്ല.
ഇതിനിടെ, പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വനംവകുപ്പ് തെറ്റിദ്ധരിപ്പിച്ചാണ് റോഡ് കൈവശപ്പെടുത്തിയിരിക്കുന്നതെന്നു കണ്ടെത്തിയത്.
പതിറ്റാണ്ടുകൾക്ക് മുന്പ് ഈ റോഡിനായി റവന്യുവകുപ്പ് പത്തേക്കർ സ്ഥലം വനംവകുപ്പിന് വിട്ടുനൽകിയിട്ടുള്ളതായും രേഖകളിൽനിന്നു വ്യക്തമായതായും ഇവർ പറഞ്ഞു.