ചീനിക്കുഴി കൂട്ടക്കൊല: വിധി ഇന്ന്
1601797
Wednesday, October 22, 2025 6:16 AM IST
തൊടുപുഴ: ചീനിക്കുഴിയിൽ മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഇന്ന് തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആഷ് കെ. ബാൽ വിധി പറയും.
അർധരാത്രിയിൽ ഉറങ്ങിക്കിടന്ന മകനുൾപ്പെടെ നാലംഗ കുടുംബത്തെ തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേൽ ഹമീദ് (79) ജനൽ വഴി കിടപ്പുമുറിയിലേക്ക് പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞ് തീകൊളുത്തി ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.
ഹമീദിന്റെ മകൻ മുഹമ്മദ് ഫൈസൽ (ഷിബു - 45), ഭാര്യ ഷീബ (40), പെണ്മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്വത്തു തർക്കത്തെത്തുടർന്നാണ് ഹമീദ് കരുതിക്കൂട്ടി കൂട്ടക്കൊല നടത്തിയത്. 2022 മാർച്ച് 19ന് പുലച്ചെ 12.30നാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.

അർധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം കിടപ്പുമുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടി രണ്ട് പെട്രോൾ കുപ്പികൾ തീകൊളുത്തി ജനൽ വഴി അകത്തേക്ക് എറിയുകയായിരുന്നു.
നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഉറക്കമുണർന്ന് ഓടിയെത്തിയ അയൽവാസികൾക്ക് അകത്തേക്ക് കടക്കാനായില്ല. രക്ഷപ്പെടാനാവാതെ നാലുപേരും മുറിക്കുളിൽ വെന്തു മരിക്കുകയായിരുന്നു. വെള്ളം കിട്ടാതിരിക്കാനായി ടാങ്കിലെ വെള്ളം ചോർത്തിക്കളയുകയും പൈപ്പ് പൂട്ടുകയും ചെയ്തിരുന്നു.
ഹമീദിനെ പോലീസ് സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. നിർണായക സാക്ഷിമൊഴികൾക്കും സാഹചര്യത്തെളിവുകൾക്കും പുറമേ പ്രതി കുറ്റം സമ്മതിക്കുക കൂടി ചെയ്തതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി എം. സുനിൽ മഹേശ്വരൻ പിള്ള ഹാജരാകും. പ്രോസിക്യൂഷൻ 71 സാക്ഷികളെയും പ്രതിഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിച്ചു. തെളിവായി പ്രോസിക്യൂഷൻ 137 തെളിവുകളും കോടതിയിൽ ഹാജരാക്കി.