നീലാകാശം താഴെ; കുറിഞ്ഞി വിളിക്കുന്നു
1228297
Friday, October 7, 2022 10:44 PM IST
രാജകുമാരി: ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടമലനിരകളെ നീലപ്പട്ട് അണിയിച്ചു വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തകാലം. നീലപ്പട്ട് അണിഞ്ഞു ശീതകാലത്തെ വരവേൽക്കുകയാണ് ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകൾ.
ശാന്തൻപാറയിൽനിന്നു മൂന്നാർ തേക്കടി സംസ്ഥാന പാതയിലൂടെ ആറു കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറയിലെത്താം. ഇവിടെനിന്ന് ഒന്നര കിലോമീറ്റർ മലകയറിയാൽ നീലവസന്തത്തിന്റെ മായാജാലം കണ്മുന്നില് വിടരും. ഒപ്പം അതിർത്തി മലനിരകളുടെയും ചതുരംഗപ്പാറയുടെയും കാറ്റാടിപ്പാറയുടെയും കാഴ്ചവട്ടങ്ങളുമുണ്ടാകും.
2020ൽ ശാന്തൻപാറ ഗ്രാമപഞ്ചായത്തിന്റെ തോണ്ടിമലയിലും വ്യാപകമായി നീലക്കുറിഞ്ഞികൾ പൂത്തിരുന്നു. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളാണ് വർണവസന്തം തീർക്കുന്നത്. അധികമാരാലും അറിയപ്പെടാതെ കിടക്കുന്ന അഞ്ച് ഏക്കറിലധികം മനോഹര ദൃശ്യം സഞ്ചാരികളെ കാത്തിരിക്കുന്നു.
ഒന്നര കിലോമീറ്ററോളം കാനനപാതയിലൂടെയും പുൽമേടുകളിലൂടെയും സഞ്ചരിച്ചാൽ നീലവസന്തം നുകരാം. കള്ളിപ്പാറയിൽനിന്ന് ഓഫ് റോഡ് ജീപ്പ് സവാരിയും ലഭ്യമാണ്.