വന്യമൃഗശല്യം രൂക്ഷം: പെരുവന്താനം പഞ്ചായത്തിൽ 31നു ഹർത്താൽ
1262448
Friday, January 27, 2023 10:21 PM IST
മുണ്ടക്കയം: വന്യമൃഗശല്യം രൂക്ഷമായ പെരുവന്താനം പഞ്ചായത്തിൽ 31നു യുഡിഎഫ് ഹർത്താൽ നടത്തുമെന്നു യുഡിഎഫ് മണ്ഡലം കമ്മിറ്റി കൺവീനർ ഷാജി പുല്ലാട്ട്, ചെയർമാൻ അലക്സ് തോമസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
വന്യമൃഗശല്യത്തിനെതിരെ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ അനങ്ങാപ്പാറ നയം തിരുത്തണമെന്നാവശ്യപ്പെട്ടു യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 30നു വിശദീകരണയോഗവും നടത്തും.
ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ മാസങ്ങളായി 24ഓളം ആനകളാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതുമൂലം തോട്ടം തൊഴിലാളികൾ ഏറെ ദുരിതത്തിലാണ്. കാട്ടാനക്കൂട്ടത്തിന്റെ ശല്യം ഭയന്ന് മാട്ടുപ്പെട്ടി എൽപി സ്കൂൾ താത്കാലികമായി അടച്ചു. ഇതുമൂലം കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങിയ അവസ്ഥയാണ്.
കാട്ടാനയ്ക്കു പുറമെ കാട്ടുപന്നിയുടെയും കുരങ്ങുകളുടെയും ശല്യവും കർഷകർക്ക് ഏറെ ദുരിതമാണ്. മൂഴിക്കൽ, കണയങ്കവൽ, ചെറുവള്ളിക്കുളം മേഖലകളിൽ കർഷകരുടെ കൃഷികൾ കൂട്ടത്തോടെ കാട്ടാനകൾ നശിപ്പിക്കുകയാണ്. ആനകളുടെ ആക്രമണത്തിൽനിന്നു കർഷകർ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
30നു വൈകുന്നേരം നാലിനു നടക്കുന്ന വിശദീകരണയോഗം ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ചെയർമാൻ അലക്സ് തോമസ് അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ ഡിസിസി മെംബർ ജോൺ പി. തോമസ്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.എൻ. രാമദാസ്, ബ്ലോക്ക് സെക്രട്ടറി കെ.ജെ. ജോസുകുട്ടി എന്നിവരും പങ്കെടുത്തു.