തുടർച്ചയായ മൂന്നാം ദിവസവും കാട്ടാന ആക്രമണം
1262739
Saturday, January 28, 2023 10:20 PM IST
രാജകുമാരി: ചിന്നക്കനാൽ ബിഎല്‍ റാമില്‍ വീണ്ടും കാട്ടാനയാക്രമണം. യുവതിയും അഞ്ചു വയസുള്ള മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ പുലര്‍ച്ചെ ഒന്നിനാണു ബിഎല്‍ റാം സ്വദേശി ശിവകുമാറിന്റെ വീടിന്റെ ഭിത്തിയും ജനലും അരിക്കൊമ്പന് എന്ന ഒറ്റയാന് തകര്‍ത്തത്.
ശിവകുമാറിന്റെ ഭാര്യ രാജേശ്വരി, മകള്‍ കോകില എന്നിവരാണു വീട്ടിലുണ്ടായിരുന്നത്. ഇവര്‍ കിടന്നുറങ്ങിയ മുറിയുടെ ഭിത്തിയാണ് ഒറ്റയാന് കുത്തി മറിച്ചത്. ഭിത്തിയുടെ ഭാഗങ്ങള്‍ വീണ് രാജേശ്വരിക്കു പരിക്കേറ്റു. രാത്രിയില്‍ ഭിത്തി ഇടിഞ്ഞു കട്ടിലിലേക്കു വീണതോടെ രാജേശ്വരി മകളെ കട്ടിലില്‍നിന്നു തള്ളിമാറ്റി. ഭയന്നുവിറച്ച കോകില നിലവിളിച്ച് അടുത്ത മുറിയിലേക്ക് ഓടി രക്ഷപ്പെട്ടു. മകളുടെ പുറകെ രാജേശ്വരിയും മുറിയില്‍നിന്നു ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഭിത്തി വീണ് ഇവര്‍ കിടന്ന കട്ടില് ഒടിഞ്ഞു. സമീപത്തുണ്ടായിരുന്ന ടിവിയും തകര്‍ന്നു.
നാട്ടുകാര്‍ സംഘടിച്ചെത്തിയാണ് ഒറ്റയാനെ ഇവിടെനിന്നു തുരത്തിയത്. പരിക്കേറ്റ രാജേശ്വരി നെടുങ്കണ്ടം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജേശ്വരിയുടെ ഭര്‍ത്താവ് പെയിന്റിംഗ് തൊഴിലാളിയായ ശിവകുമാര്‍ ഒരാഴ്ചയിലധികമായി തമിഴ്നാട്ടിലാണ്.
കാട്ടാനക്കൂട്ടത്തെ
വനമേഖലയിലേക്കു തുരത്തി
രാജകുമാരി: ബിഎല്‍ റാം മേഖലയില്‍ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ വനമേഖലയിലേക്കു തുരത്തി. ആനയിറങ്കല്‍ ജലാശയത്തോടു ചേര്‍ന്ന വനമേഖലയിലേക്കാണു ആനകളെ തുരത്തിയത്.
ഏഴ് ആനകളടങ്ങുന്ന കൂട്ടവും അരിക്കൊമ്പനും ചക്കക്കൊമ്പനും അടക്കം പത്തോളം ആനകളാണ് മൂന്നു ദിവസമായി ബിഎല്‍ റാമിലെ ജനവാസമേഖലയില്‍ തന്പടിച്ചിരുന്നത്. ഏലത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ ആര്‍ആര്‍ടി സംഘത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പടക്കം പൊട്ടിച്ചും ബഹളംവച്ചുമാണ് ജനവാസ മേഖലയില്‍നിന്നു തുരത്താന്‍ ശ്രമം നടത്തിയത്. ബിഎല്‍റാമിലെ തോട്ടംമേഖലയില്നിന്നു ദേശീയ പാതയ്ക്കു സമീപത്തെ ഏലത്തോട്ടം മേഖലയിലേക്കു പുലര്‍ച്ചെ കാട്ടാനക്കൂട്ടം മാറുകയായിരുന്നു.
തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവില്‍ ആനയിറങ്കല്‍ ജലാശയത്തിനോടു ചേര്‍ന്ന മേഖലയിലേക്ക് ഇവ മാറി.