അതിഥിത്തൊഴിലാളിയെ ബ്ലേഡുകൊണ്ടു മുറിവേൽപിച്ചു
1263356
Monday, January 30, 2023 10:17 PM IST
അടിമാലി: ബസ് സ്റ്റാൻഡിൽ മത്സ്യവ്യാപാര സ്ഥാപനത്തിനു സമീപം ഉണ്ടായ തർക്കത്തെത്തുടർന്ന് അതിഥിത്തൊഴിലാളിയെ മൂന്നംഗസംഘം ബ്ലേഡ് ഉപയോഗിച്ച് മാരകമായി മുറിവേൽപിച്ചു. സാരമായ പരിക്കുകളോടെ വെസ്റ്റ് ബംഗാൾ റാസിക് ബില്‍വാ സ്ട്രീറ്റ് സ്വദേശി അൻവർ ഹുസൈനെ (28) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇരുനൂറേക്കർ കൂന്പൻപാറ കവല കുന്നേൽ സനീഷ് (36), കല്ലാർ പീച്ചാട് തേവർകാട്ടിൽ ലൈജു (42), അടിമാലി തലമാലി സെറ്റിൽമെന്റ് തേവർകുന്നേൽ സജി (44) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മത്സ്യം വാങ്ങാൻ സ്ഥാപനത്തിൽ എത്തിയ ബൈസണ്‍വാലിയിൽ കെട്ടിട നിർമാണ തോഴിലാളിയായ അൻവറുമായി ഉണ്ടായ തർക്കമാണു ആക്രമണത്തിൽ കലാശിച്ചത്.
ഇടതു കൈയുടെ ഒരം മുതൽ കൈമുട്ട് വരെയുള്ള ഭാഗത്തുണ്ടായ ആഴമുള്ള മുറിവിനെത്തുടർന്ന് മസിൽ ഭാഗം പൂളി പിളർന്ന നിലയിലായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതികൾക്കെതിരേ വധശ്രമത്തിനു കേസെടുത്തു. അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എസ്ഐമാരായ കെ.എം. സന്തോഷ്, സിജു ജേക്കബ്, ടി.പി. ജൂഡി, എഎസ്ഐ ടി.എം. അബ്ബാസ്, സിപിഒ മാരായ ദീപു, ജയ്മോൻ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.