ഏഴു വയസുകാരനെ പൊള്ളലേൽപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്തു
1265389
Monday, February 6, 2023 10:42 PM IST
കുമളി: കുമളിയിൽ ഏഴു വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവിനെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കുട്ടിയെ ചട്ടുകം കൊണ്ടു പൊള്ളലേൽപ്പിക്കുകയും മുളകുപൊടി കണ്ണിലും വായിലും തേക്കുകയും ചെയ്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ മാതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണു സംഭവം നടന്നത്. അടുത്ത വീട്ടിൽനിന്നു ടയർ എടുത്ത് കത്തിച്ചതിനു ശിക്ഷിച്ചതെന്നാണു കുട്ടി മൊഴി നൽകിയിരിക്കുന്നത്. രണ്ടു കൈകളുടെയും കൈമുട്ടിനു താഴെയും കാൽമുട്ടുകൾക്കു താഴെയുമാണ് ചട്ടുകം ഉപയോഗിച്ചു പൊള്ളിച്ചത്.
സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെംബറെയും അങ്കണവാടി ടീച്ചറെയും വിവരമറിയിക്കുകയായിരുന്നു. ഇവരെത്തിയാണു കുട്ടിയെ ആശുപത്രിയിലാക്കിയത്.
മുന്പും പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞു. കുസൃതി സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്. അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി. കുട്ടി കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.