തൊമ്മൻകുത്ത് പുഴ മണൽകൂന്പാരമായി
1279074
Sunday, March 19, 2023 10:17 PM IST
തൊടുപുഴ: തൊമ്മൻകുത്ത് പുഴ മണൽകൂന്പാരമായി മാറുന്പോഴും മണൽ വാരുന്നതിന് നടപടിയില്ല. ഇതുമൂലം മഴ പെയ്താൽ പ്രദേശവാസികളുടെ നെഞ്ചിടിപ്പേറുന്ന സ്ഥിതിയാണ്.
പുഴയിൽ കുന്നുകൂടിയിരിക്കുന്ന മണൽ വാരുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാർഡംഗം ബിബിൻ അഗസ്റ്റിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവദേനം നൽകിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം പുഴയിലെ മണ്ണും മണലും നീക്കം ചെയ്തിരുന്നു. മണൽ അടിഞ്ഞുകൂടിയതിനാൽ മഴപെയ്ത് കുത്തൊഴുക്കുണ്ടായാൽ പുഴയുടെ ഗതി മാറിയൊഴുകാനുള്ള സാധ്യതയേറെയാണ്.
ജില്ലയിൽ പലയിടത്തും സമാനമായ സ്ഥിതിയാണുള്ളത്. പല പഞ്ചായത്തുകളിലും പുതിയ പാറമടകൾക്ക് ലൈസൻസ് അനുവദിക്കാനുള്ള ശ്രമം നടന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് ജില്ലയിലെ പുഴകളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കംചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കാത്തതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
മണൽ വാരുന്നതിനു അനുമതി നൽകിയാൽ മഴക്കാലത്ത് വെള്ളപ്പൊക്കം മൂലമുള്ള ദുരിതം ഒഴിവാക്കുന്നതിനു ഒരു പരിധിവരെ സഹായകമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.