തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിധിയെന്ന് ഡി.കുമാര്‍
1279347
Monday, March 20, 2023 10:21 PM IST
മൂന്നാര്‍: ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധി വാദഗതികളുടെ അടിത്തറയിലല്ലെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും മേല്‍ക്കോടതിയിലും ഇതേ വിധി തന്നെയുണ്ടാകുമെന്നും പരാതിക്കാനായ എതിർ സ്ഥാനാർഥി ഡി. കുമാര്‍. സത്യവും നീതിയുമാണ് ഈ വിധിയിലൂടെ ഉണ്ടായത്.
തന്റെ എതിരാളിയായി മത്സരിച്ച എ. രാജായെ ദീര്‍ഘകാലമായി അറിയാവുന്ന വ്യക്തിയാണ്. രണ്ടുപേരും ഒരേ നാട്ടുകാരാണ്. അതിനാല്‍തന്നെ എല്ലാ വിവരങ്ങളും കൃത്യമായി അറിവുള്ളതാണ്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സമയത്തു തന്നെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ താത്പര്യം കാണിച്ചില്ല. മേല്‍ക്കോടതിയിലേക്കു പോകുന്നപക്ഷം അവിടെയും പോരാട്ടം തുടരുമെന്ന് കുമാർ പറഞ്ഞു.
വിധി പട്ടികജാതിക്കാർക്ക്
സമർപ്പിക്കുന്നു: എസ്. അശോകൻ
തൊടുപുഴ: ദേവികുളം എംഎൽഎ എ. രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി പട്ടിക ജാതി സമൂഹത്തിനു സമർപ്പിക്കുന്നതായി കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതു സത്യത്തിന്റെ വിജയമാണ്. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഈ വിധിക്ക് വലിയ ചരിത്ര പ്രാധാന്യമുണ്ട്.
സാമൂഹിക നീതിയെ വെല്ലുവിളിക്കുന്ന സിപിഎമ്മിനുള്ള ശക്തമായ തിരിച്ചടിയാണ് വിധി. പട്ടികജാതിക്കാർക്ക് സംവരണ മണ്ഡലങ്ങൾ ഭരണഘടന ഉറപ്പുനൽകുന്നതാണ്. ഇതു മറ്റുള്ളവർ തട്ടിയെടുക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. പിന്നാക്ക ജനവിഭാഗങ്ങളെ അവഗണിക്കുന്ന സമീപനമാണ് സിപിഎമ്മിന്േറത്. ഈ കോടതി വിധിയോടെ സിപിഎമ്മിന്റെ പൊയ്മുഖം അഴിഞ്ഞു വീണിരിക്കുകയാണ്.
നാമനിർദേശ പത്രികാസമർപ്പണ വേളയിൽ തന്നെ യുഡിഎഫ് ക്രമക്കേട് ചൂണ്ടിക്കാട്ടിയിരുന്നു. കേസിന്റെ വിചാരണവേളയിൽ തെളിവ് നശിപ്പിക്കാൻ ആസൂത്രിത ശ്രമം നടന്നു. വ്യാജരേഖകൾ വരെ സൃഷ്ടിച്ചതായും അദ്ദേഹം ആരോപിച്ചു. രാജയുടെ വിവാഹ വീഡിയോ റിക്കാർഡ് ചെയ്തയാളെ കോടതിയിൽ മൊഴി നൽകുന്നതിൽനിന്നു മാറ്റിനിർത്താൻ പോലീസിനെ ഉപയോഗപ്പെടുത്തി. ഇതെല്ലാം അതിജീവിച്ചാണ് നിയമപോരാട്ടം വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനേറ്റ ആഘാതം:
സി.പി. മാത്യു
തൊടുപുഴ: എ. രാജയുടെ തെഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. വ്യാജരേഖയും കള്ളപ്രമാണവും ഉണ്ടാക്കി സിപിഎം ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നു. ിപിഎമ്മിനേറ്റ കനത്ത ആഘാതമാണ് കോടതി വിധി. ഇതു ധാർമികതയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ മുഖത്തിനേറ്റ
അടി: കെ.എസ്. അജി
തൊടുപുഴ: ദേവികുളം എംഎൽഎ എ. രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സിപിഎമ്മിന്റെ മുഖത്തിനേറ്റ അടിയാണെന്ന് ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി പറഞ്ഞു. രേഖകൾ വ്യാജമാണെന്നറിഞ്ഞിട്ടും പത്രിക തള്ളാതിരുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണം.
പട്ടികജാതി സമൂഹത്തിന് അവകാശപ്പെട്ട ഭരണഘടനാപരമായ അവകാശമാണ് സിപിഎം ഇല്ലാതാക്കിയത്. ഭരണഘടനയെയും പട്ടികജാതി സമൂഹത്തെയും അവഹേളിച്ച സിപിഎം മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.