തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിനു സമീപം മാലിന്യം കുമിയുന്നു
1280247
Thursday, March 23, 2023 10:44 PM IST
തൊമ്മൻകുത്ത്: വനംവകുപ്പിനു കീഴിലുള്ള തൊമ്മൻകുത്ത് വിനോദസഞ്ചാര കേന്ദ്രത്തിൽ മാലിന്യക്കൂന്പാരം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയാണ് ഇവിടെ തള്ളിയിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രത്തിലെ ഡിടിപിസി വിശ്രമകേന്ദ്രത്തിന്റെ പിൻവശത്താണ് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിൽനിന്നുൾപ്പെടെയുള്ള മാലിന്യം തള്ളുന്നത്.
നേരത്തെ ഇവിടം എൻഎസ്എസ് പ്രവർത്തകർ വൃത്തിയാക്കുകയും തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി പല തട്ടുകളായി തിരിക്കുകയും ചെയ്തിരുന്നു.
ശുചീകരണമില്ല
ഇവിടെ പൂന്തോട്ടം നിർമിക്കാൻ ആലോചനയുണ്ടായെങ്കിലും ഡിടിപിസി അംഗീകാരം നൽകിയില്ല. എന്നാൽ, അവരൊട്ടു വേണ്ട രീതിയിൽ പരിരക്ഷിച്ചതുമില്ല. ഇതോടെയാണ് വെറുതെ കിടന്ന സ്ഥലം മാലിന്യംതള്ളൽ കേന്ദ്രമായത്.
ഡിടിപിസി ഇവിടെ ശുചീകരണത്തൊഴിലാളിയെ നിയമിച്ചിരുന്നെങ്കിലും വേതനം നൽകാത്തതിനാൽ ഇവർ ശുചീകരണ ജോലികൾ ചെയ്യുന്നതു നിർത്തി. ഇതിനു പുറമെ തട്ടായി തിരിച്ചിട്ടിരിക്കുന്ന സ്ഥലം ചിലർ കൈയേറി കൃഷിയിറക്കുകയും ചെയ്തു.
ഉദ്യാനം
നിർമിച്ചാൽ
ഇവിടെ ഉദ്യാനം നിർമിച്ചാൽ തൊമ്മൻകുത്ത് വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിനു സമീപമുള്ള ഭാഗം ആകർഷകമാക്കാൻ കഴിയും. എന്നാൽ, അനുമതി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പിലായില്ലെന്നു നാട്ടുകാർ പറഞ്ഞു. ഇതേസമയം, വിനോദസഞ്ചാര വകുപ്പിന്റെ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയിൽ മാലിന്യം ശേഖരിക്കാൻ കരാർ നൽകിയിരുന്ന കന്പനിയുടെ കാലാവധി ജനുവരിയിൽ തീർന്നതാണ് പ്രശ്നത്തിനു കാരണമെന്നു ഡിടിപിസി അധികൃതർ പറയുന്നു. പുതിയ കരാറിനു ടെൻഡർ വിളിച്ചിട്ടുണ്ട്. അതിനു ശേഷം മാലിന്യം നീക്കാൻ നടപടിയുണ്ടാകും. ഇവിടെ പൂന്തോട്ടം നിർമാണത്തിന് അനുമതി തേടി ആരും സമീപിച്ചിട്ടില്ലെന്നും അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഇതു പരിഗണിച്ച് അനുമതി നൽകുമെന്നും ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് പറഞ്ഞു.