ഉത്സവം കാണാനെത്തിയ വിദ്യാർഥിയെ പോലീസ് മർദിച്ചതായി പരാതി
1280857
Saturday, March 25, 2023 10:39 PM IST
തൊടുപുഴ: ഉത്സവം കാണാനെത്തിയ വിദ്യാർഥിയെ പോലീസ് മർദിച്ചതായി പരാതി. കൈയ്ക്കും കാലിനും പരിക്കേറ്റ വിദ്യാർഥി തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഉപ്പുകുന്ന് ഉൗലിപറന്പിൽ സജീവിന്റെ മകൻ ജോർജുകുട്ടിക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വിദ്യാർഥിയും പിതാവും പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്കു മുന്നിൽ നേരിട്ടു ഹാജരായി പരാതി നൽകി.
വെള്ളിയാഴ്ച രാത്രി 11.45 ഓടെ ഉപ്പുകുന്ന് അരുവിപ്പാറ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. പിതാവും സുഹൃത്തുക്കളുമൊത്ത് ജോർജുകുട്ടിയും ക്ഷേത്രത്തിലെത്തിയിരുന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ ഗാനമേളയ്ക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ നേരിയതോതിൽ ഉന്തും തള്ളുമുണ്ടായി. ഇതോടെ ജോർജുകുട്ടി വീട്ടിലേക്കു മടങ്ങാനായി മുന്നോട്ടു നീങ്ങി. അവിടെ നിന്ന കുളമാവ് സ്റ്റേഷനിലെ രണ്ടു പോലീസുകാരെ മറികടന്ന ഉടൻ അവർ പിന്നിൽനിന്നു മർദ്ദിക്കുകയായിരുന്നെന്നു ജോർജുകുട്ടി പറയുന്നു. കരഞ്ഞുപറഞ്ഞിട്ടും കാലിനും കൈക്കും തുടർച്ചയായി അടിച്ചതായും തന്റെ മകനെ അകാരണമായാണു തന്റെ മുന്നിലിട്ടു പോലീസ് മർദ്ദിച്ചതെന്നും പിതാവ് സജീവ് പറയുന്നു.
തൊടുപുഴ മങ്ങാട്ടുകവലയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ് ജോർജുകുട്ടി. സംഭവത്തിൽ തൊടുപുഴ ഡിവൈഎസ്പിക്കും ഇവർ പരാതി നൽകി.