കട്ടപ്പന ഇഎസ്ഐ ആശുപത്രിക്ക് അംഗീകാരമായി: എംപി
1281600
Monday, March 27, 2023 11:44 PM IST
തൊടുപുഴ: കട്ടപ്പനയിൽ 100 കിടക്കകളുള്ള ഇഎസ്ഐ ആശുപത്രി നിർമിക്കുന്നതിന് ഇഎസ്ഐ കോർപറേഷൻ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകിയതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.
കട്ടപ്പന മുനിസിപ്പാലിറ്റി നേരത്തെ 4.6 ഏക്കർ ഭൂമി സൗജന്യമായി വാഗ്ദാനം ചെയ്തതിനെത്തുടർന്ന് നിർദിഷ്ട സ്ഥലം കോർപറേഷൻ പരിശോധിച്ച് 100 കിടക്കകളുള്ള ഇഎസ്ഐ ആശുപത്രി സ്ഥാപിക്കാൻ അനുയോജ്യമാണെന്നു കണ്ടെത്തി ഡയറക്ടർ ബോർഡ് തീരുമാനത്തിനു സമർപ്പിച്ചിരിക്കുകയായിരുന്നു.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കട്ടപ്പന മുനിസിപ്പാലിറ്റി ഇഎസ്ഐസിക്കു കൈമാറുന്നതിനുള്ള അന്തിമ വിജ്ഞാപനം ഇറക്കണം. തുടർന്നു കോർപറേ ഷൻ നിർമാണ കരാർ നൽകും. 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്നും എംപി അറിയിച്ചു.
ഇഎസ്ഐ തൊഴിലാളികളുടെയും ആശ്രിതരുടെയും എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദർ യാദവ്, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഉൗന്നൽ നൽകാൻ കോർപറേഷനോടു നിർദേശിച്ചു.
ഇഎസ്ഐ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി "നിർമാൻ സേ ശക്തി’ സംരംഭം ആരംഭിച്ചതായും ഡീൻ കുര്യാക്കോസ് അറിയിച്ചു.