എസ്എസ്എൽസി പരീക്ഷ സമാപിച്ചു
1282194
Wednesday, March 29, 2023 10:52 PM IST
തൊടുപുഴ: കഴിഞ്ഞ ഒൻപതിന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷ സമാപിച്ചു. ഫിസിക്സ് ഒഴികെ എല്ലാ വിഷയങ്ങളും എളുപ്പമായതിന്റെ ആശ്വാസത്തിലാണ് വിദ്യാർഥികൾ. എന്നാൽ, എല്ലാ വിഷയത്തിനും എ പ്ലസ് ലക്ഷ്യമിടുന്ന വിദ്യാർഥികളുടെ മനസിൽ ഫിസിക്സ് പരീക്ഷ നേരിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഇത്തവണ ജില്ലയിൽ ജില്ലയിൽ 11,491 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. സർക്കാർ സ്കൂളിൽ നിന്നു 3,282 പേരും എയ്ഡഡ് വിഭാഗത്തിൽനിന്നു 7,498 പേരും അണ്എയ്ഡഡിൽനിന്നു 641 പേരും പരീക്ഷയെഴുതി. ഇതിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ 89 സ്കൂളുകളും തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ 73 സ്കൂളുകളുമായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ.
കഴിഞ്ഞ വർഷത്തേക്കാൾ എസ്എസ്എൽസി പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിരുന്നു. കഴിഞ്ഞ വർഷം 11,383 പേർ പരീക്ഷയെഴുതിയപ്പോൾ ഇത്തവണ 102 കുട്ടികളുടെ വർധനയുണ്ടായി. വിജയശതമാനത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസി മേഖലകളിൽ ഉൾപ്പെടെ കുട്ടികൾക്ക് പ്രത്യേക ക്ലാസുകളും നടത്തിയിരുന്നു.