എൽഡിഎഫ് ഹര്‍ത്താല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാൻ: കേരള കോണ്‍ഗ്രസ്
1282596
Thursday, March 30, 2023 10:35 PM IST
നെടുങ്കണ്ടം: ജില്ലയില്‍ എല്‍ഡിഎഫ് മൂന്നിനു പ്രഖ്യാപിച്ചിരിക്കുന്ന ജില്ലാ ഹർത്താൽ ജില്ലയിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നു കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മറ്റി.
ഭൂപതിവു ചട്ടങ്ങള്‍ ഭേദഗതി ചെയ്യാൻ യുഡിഎഫ് നേതാക്കൾ നിയമസഭയിൽ അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിര്‍മാണ നിരോധന ഉത്തരവ് ഇറങ്ങിയിട്ട് നാലു വര്‍ഷമായിട്ടും നാളിതുവരെ ഭൂപതിവു ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് ഇറക്കാന്‍ കഴിയാതെ ജില്ലയിലെ ജനങ്ങളുടെ മുമ്പില്‍ നാണംകെട്ടിരിക്കുകയാണ് ഇടതു സര്‍ക്കാര്‍.
2020ല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗ തീരുമാനം അനുസരിച്ചും നിയമ സഭയില്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയായും ഭൂപതിവു ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്.
എന്നാല്‍, ജില്ലയിലെ ഇടതു നേതാക്കളുടെ നിവേദന മാമാങ്കങ്ങളും യാത്രകളും പ്രഖ്യാപനങ്ങളും വീമ്പുപറച്ചിലും മാത്രമാണ് നടന്നത്. ഇങ്ങനെ തുടര്‍ച്ചയായി ജനങ്ങളെ വിഢികളാക്കുന്ന എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ജനവഞ്ചന മറയ്ക്കാനാണ് ഹർത്താലാഹ്വാനമെന്നു നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു.
യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ഇടപള്ളിക്കുന്നേല് അധ്യക്ഷത വഹിച്ചു. ജോസ് പൊട്ടംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. ബേബി പതിപ്പള്ളി, ടി.വി. ജോസുകുട്ടി, ഒ.ടി. ജോണ്‍, എം.ജെ. കുര്യന്, ജോയി കണിയാംപറമ്പല്, ബിജു ആക്കാട്ടുമുണ്ട, പി.പി. ബേബി, പി.ജി. പ്രകാശ്, ജോയി നമ്പുടാകത്ത്, ജോര്‍ജ് അരീപ്ലാക്കല്‍ തുടങ്ങിയവർ പ്രസംഗിച്ചു.