മലങ്കര വനഭൂമി സെറ്റിൽമെന്റ്: ആദ്യഘട്ട ഹിയറിംഗ് പൂർത്തിയായി
1298698
Wednesday, May 31, 2023 3:40 AM IST
തൊടുപുഴ: മലങ്കര മേഖലയിൽ എംവിഐപി പദ്ധതിക്കായി ഏറ്റെടുത്തതും 1978-ൽ വനം വകുപ്പിനു വിട്ടുനൽകിയതുമായ ഭൂമിയുടെ സെറ്റിൽമെന്റ് ഹിയറിംഗ് നടപടികളുടെ ആദ്യ ഘട്ടം പൂർത്തിയായി.
ഇടുക്കി സബ് കളക്ടറെ സെറ്റിൽമെന്റ് ഓഫീസറായി നിയമിച്ച നടപടിക്ക് പിന്നാലെ വിജ്ഞാപനം ഇറക്കുകയും ആക്ഷേപങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. 160 ആക്ഷേപങ്ങൾ സ്വീകരിച്ചതിൽ ആദ്യ 100 പേരുടെ ഹിയറിംഗാണ് കഴിഞ്ഞദിവസം കുടയത്തൂർ പഞ്ചായത്ത് ഹാളിൽ നടന്നത്. 100 പേർക്ക് നോട്ടീസ് നൽകിയതിൽ 76 പേർ ഹാജരാകുകയും ആക്ഷേപങ്ങൾ സമർപ്പിക്കുകയും ചെയ്തു.
മുട്ടം, കുടയത്തൂർ പഞ്ചായത്തുകളും റസിഡന്റ്സ് അസോസിയേഷനുകളും ആക്ഷൻ കൗണ്‍സിലും ആക്ഷേപങ്ങൾ ഹാജരാക്കി. കുടിവെള്ള സ്രോതസുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളാണ് പ്രധാനമായും ഉയർന്നതെന്ന് അധികൃതർ അറിയിച്ചു.
ഹിയറിംഗിൽ ഹാജരാകാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകുമെന്നും ബാക്കിയുള്ള അപേക്ഷകർക്കുള്ള രണ്ടാംഘട്ട ഹിയറിംഗ് ജൂണ്‍ അവസാനം നടത്തുമെന്നും സബ്കളക്ടർ ഡോ. അരുണ്‍ എസ്.നായർ അറിയിച്ചു. തൊടുപുഴ റേഞ്ച് ഓഫീസർ സിജോ സാമുവലും പങ്കെടുത്തു.