പീ​ച്ചി മോ​ഡ​ൽ ഫ്ളോ​ട്ടിം​ഗ് സി​സ്റ്റം : ടെ​ൻ​ഡ​ർ നടപടികൾക്കു തുടക്കം
Wednesday, May 31, 2023 3:42 AM IST
മൂ​ല​മ​റ്റം: മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽനി​ന്നു കോ​ട്ട​യം ജി​ല്ല​യി​ലെ 13 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന മ​ല​ങ്ക​ര - കോ​ട്ട​യം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടെ​ൻഡർ ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ ഫ്ളോ​ട്ടിം​ഗ് മോ​ട്ടർ സ്ഥാ​പി​ച്ച് നീ​ലൂ​രി​ൽ ര​ണ്ടുല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്ക് നി​ർ​മി​ച്ച് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ര​ണ്ടു ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി 1243 കോ​ടി​യാ​ണ് ആ​കെ ചെ​ല​വ്. മൂ​ന്നി​ല​വ്, മേ​ലു​കാ​വ്, ക​ട​നാ​ട്, രാ​മ​പു​രം, തി​ട​നാ​ട്, ഭ​ര​ണ​ങ്ങാ​നം, മീ​ന​ച്ചി​ൽ, ത​ല​പ്പ​ലം, ത​ല​നാ​ട്, തീ​ക്കോ​യി, പൂ​ഞ്ഞാ​ർ, തെ​ക്കേ​ക്ക​ര, കൂ​ട്ടി​ക്ക​ൽ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ മ​റ്റു പ​ദ്ധ​തി​ക​ളി​ൽനി​ന്നു വ്യ​ത്യ​സ്ത​മാ​യി കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ പ​ന്പ് ഹൗ​സ് നി​ർ​മി​ക്കു​ന്നി​ല്ലെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. പീ​ച്ചി ഡാ​മി​ലേ​തു​പോ​ലെ ജ​ലാ​ശ​യ​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന ഫ്ളോ​ട്ടിം​ഗ് മോ​ട്ട​റാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. 350 കു​തി​ര​ശ​ക്തി​യു​ള്ള ആ​റ് മോ​ട്ട​റു​ക​ൾ ജ​ലാ​ശ​യ​ത്തി​ലെ പ്ലാ​റ്റ്ഫോ​മി​ൽ സ്ഥാ​പി​ക്കും. ഇ​തി​ൽ നാ​ലെ​ണ്ണ​മാ​ണ് ഒ​രേ സ​മ​യം പ്ര​വ​ർ​ത്തി​പ്പി​ക്കു​ക.

മോ​ട്ടറു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ജ​ലാ​ശ​യ​ത്തി​ന്‍റെ ക​ര​യി​ൽ മോ​ട്ടോർ പു​ര​യും ഇ​തി​നാ​വ​ശ്യ​മാ​യ വൈ​ദ്യു​തി​ക്കാ​യി ട്രാ​ൻ​സ്ഫോ​ർ​മ​റും സ്ഥാ​പി​ക്കും. പ​ന്പ് ചെ​യ്യു​ന്ന വെ​ള്ളം നീ​ലൂ​രി​ൽ എ​ത്തി​ച്ച് ശു​ദ്ധീ​ക​രി​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ലു കി​ലോ​മീ​റ്റ​ർ പൈ​പ്പുലൈ​നി​ന്‍റെ​യും ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച​യ്ക്കു​ള​ളി​ൽ ഈ ​ടെ​ൻ​ഡ​റും തു​റ​ക്കു​ന്ന​തി​നാ​ണു തീ​രു​മാ​നം. വാ​ട്ട​ർ അ​ഥോ​റി​റ്റി​യും ജ​ൽ​ജീ​വ​ൻ മി​ഷ​നും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ബൃ​ഹ​ത് പ​ദ്ധ​തി

മൂ​ന്നി​ല​വ് 77.59 കോ​ടി, ക​ട​നാ​ട് 95.40 കോ​ടി, രാ​മ​പു​രം 146.75 കോ​ടി, ത​ല​നാ​ട് 55.83 കോ​ടി, മേ​ലു​കാ​വ് 75.12 കോ​ടി, പൂ​ഞ്ഞാ​ർ 86.81 കോ​ടി, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര 100.83 കോ​ടി, തീ​ക്കോ​യി 97.95 കോ​ടി, തി​ട​നാ​ട് 111.68 കോ​ടി, മീ​ന​ച്ചി​ൽ 111.37 കോ​ടി, ഭ​ര​ണ​ങ്ങാ​നം 92.79 കോ​ടി, കു​ട്ടി​ക്ക​ൽ 148.74 കോ​ടി, ത​ല​പ്പ​ലം 49.24 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും തു​ക വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ട്ടും പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ചും പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.
ഇ​തുവ​ഴി അ​ര​ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു വ​ർ​ഷം മു​ഴു​വ​ൻ ശു​ദ്ധ​ജ​ലം ല​ഭി​ക്കും. പ്ര​തി​ദി​നം 40 ദ​ശ​ല​ക്ഷം ലി​റ്റ​ർ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. 1998ൽ ​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം. മാ​ണി​യാ​ണ് പ​ദ്ധ​തി​ക്ക് പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത്. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നാ​ണ് നി​ല​വി​ൽ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ന​ൽ​കി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.