ചെറുതോണി: ഗുരുശ്രേഷ്ഠ പുരസ്കാരവുമായി മേരിക്കുട്ടി ജോസഫ് അധ്യാപക ജീവിതത്തിൽനിന്നു വിരമിക്കുന്നു. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക മേരിക്കുട്ടി ജോസഫാണ് ഓൾ ഇന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ (കേരളാ ഘടകം) നൽകുന്ന സംസ്ഥാനത്തെ മികച്ച അധ്യാപകർക്കുള്ള ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
അധ്യാപകരുടെ പാഠ്യ-പാഠ്യേതര പ്രർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡ് നൽകുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകുക, നന്നായി പഠിക്കാൻ കഴിവുള്ളവരെ കൂടുതൽ ഉയർന്ന മാർക്കിനായി പ്രാപ്തരാക്കുക, സ്കോളർഷിപ് പരിശീലനം, കാരുണ്യ പ്രവൃത്തികൾ, പാവപ്പെട്ട കുട്ടികൾക്ക് പിടിയരി പിരിച്ചു നൽകുക തുടങ്ങി വിവിധ സ്കൂളുകളിലായി നടത്തിയ വ്യത്യസ്തങ്ങളായ നിരവധിയായ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനായി ഇവരെ തെരഞ്ഞെടുക്കാൻ കാരണമായത്. കോവൂർ കുഞ്ഞുമോൻ എംഎൽഎയിൽനിന്നു പുരസ്കാരം ഏറ്റുവാങ്ങി.