ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്നുവി​ത​ര​ണ​ത്തി​ന് ന​ട​പ​ടി​യാ​യി​ല്ല
Wednesday, May 31, 2023 11:07 PM IST
ഉപ്പു​ത​റ: ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള്ള മ​രു​ന്ന് വി​ത​ര​ണം പു​ന​ഃസ്ഥാ​പി​ച്ചി​ല്ല. മ​രു​ന്നുവി​ത​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മി​നി​ലോ​റി ഉ​ൾ​പ്പെടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​താ​ണ് ര​ണ്ടു മാ​സം മു​ൻ​പ് മ​രു​ന്നുവി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണം.
കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ 26 വാ​ഹ​ന​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ നി​ര​ത്തി​ലി​റ​ക്കാ​ൻ ക​ഴി​യാ​തെവ​ന്ന​ത്. മ​രു​ന്നുവി​ത​ര​ണം മു​ട​ങ്ങി​യ​തോ​ടെ പ്ര​തി​രോ​ധ കു​ത്തിവ​യ്പ് അ​ട​ക്ക​മു​ള്ള അ​ടി​യ​ന്തര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് നൂറില​ധി​കം കി​ലോ മീ​റ്റ​റു​ക​ൾ അ​ക​ലെ​യു​ള​ള സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ജി​ല്ല​യി​ലെ ആ​രോ​ഗ്യ വി​ഭാ​ഗം.
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്നുക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. പ്ര​ഷ​ർ, ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെടെ ആ​വ​ശ്യ​മാ​യ ജീ​വ​ൻര​ക്ഷാ മ​രു​ന്നു​ക​ളൊ​ന്നും ആ​ശു​പ​ത്രി​ക​ളി​ലി​ല്ല. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പറേ​ഷ​നി​ൽനി​ന്ന് ജി​ല്ലാ കേ​ന്ദ്ര​ര​ങ്ങ​ളി​ൽ മ​രു​ന്ന് എ​ത്തു​ന്നു​ണ്ട്. അ​വി​ടെനി​ന്ന് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തി​ലാ​ണ് ത​ട​സം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണി​പ്പോ​ൾ. ഒ​രു നേ​ര​ത്തെ മ​രു​ന്നുപോ​ലും പ​ണം കൊ​ടു​ത്ത് വാ​ങ്ങാ​ൻ ശേ​ഷി​യി​ല്ലാ​ത്ത പാ​വ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ ഓ​ടാ​താ​യ​തോ​ടെ കി​ട​പ്പു രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​ണ്.