യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഭാര്യയും മകനും അറസ്റ്റിൽ
1336793
Tuesday, September 19, 2023 11:21 PM IST
വണ്ടിപ്പെരിയാർ: വള്ളക്കടവിൽ അർധരാത്രി യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഇയാളുടെ ഭാര്യയും മകനും പിടിയിൽ. വള്ളക്കടവ് കരിക്കിണ്ണം വീട്ടിൽ അബ്ബാസിനു നേരേയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ അബ്ബാസ് പറഞ്ഞിരുന്നു. പോലീസ് അന്വേഷണത്തിൽ അബ്ബാസിന്റെ ഭാര്യ ആഷിറ ബീവി(39), മകൻ മുഹമ്മദ് ഹസൻ (19) എന്നിവർ സംഭവ ദിവസം വണ്ടിപ്പെരിയാറിൽ എത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അബ്ബാസിന്റെ ഭാര്യയെയും മകനെയും പോലീസ് പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ കുറേ നാളുകളായി ഭാര്യ ആഷിറയെ അബ്ബാസ് ശാരീരികമായും മാനസീകമായും പീഡിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ആക്രമണം. ആഷിറയുടെ അയൽവാസിയായ ഷമീർ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘത്തെ ഭാര്യയും മകനും ചേർന്ന് അബ്ബാസിനെ മർദിക്കുന്നതിനായി ചുമതലപ്പെടുത്തി.
ആക്രമണമുണ്ടായ ദിവസം ക്വട്ടേഷൻ സംഘം സ്ഥലത്ത് എത്തിയപ്പോൾ അബ്ബാസ് താമസിക്കുന്ന വീട് കാണിക്കുന്നതിനായി ആഷിറയും മകനും വണ്ടിപ്പെരിയാർ ടൗണിൽ ഉണ്ടായിരുന്നു. പിന്നീട് ക്വട്ടേഷൻ സംഘം എത്തിയ വാഹനത്തിൽ ഇവർക്കൊപ്പം ആഷിറയും മകനും വള്ളക്കടവിൽ എത്തി വീട് കാണിച്ചുകൊടുത്തു.
ആക്രമണത്തിനു ശേഷം ആഷിറയും മകനും തിരികെ എറണാകുളത്തെ ആഷിറയുടെ പിതാവിന്റെ വീട്ടിലേക്കു പോയി. അബ്ബാസിനു നേരേ ആക്രമണമുണ്ടായ വിവരം നാട്ടുകാർ ആഷിറയെ അറിയിച്ചു.
അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് അബ്ബാസിന്റെ നാടായ നെടുങ്കണ്ടത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയം അബ്ബാസിനെ ചികിൽസിക്കുന്നതിന് സഹായവുമായി ഭാര്യയും മകനും എത്തി. ഇതോടെ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആഷിറയുടെ സഹോദരനടക്കം ഏഴു പേർ ആക്രമണത്തിനു പിന്നിൽ ഉള്ളതായി പോലീസ് പറയുന്നു. പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും വാഹനമടക്കം എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
പീരുമേട് ഡിവൈഎസ്പി ജെ. കുര്യാക്കോസിന്റെ നിർദേശപ്രകാരം വണ്ടിപ്പെരിയാർ എസ്എച്ച്ഒ ഹേമന്ദ് കുമാർ, എസ്ഐ മാരായ അജീഷ്, ടി.വി. രാജ്മോഹൻ, എഎസ്ഐ മാരായ സുബൈർ, കെ.ജി. രാജേന്ദ്രൻ, വനിത സിപിഒ ലിജിത വി. തോമസ് എന്നിവരടങ്ങുന്നസംഘമാണ് പ്രതികളെ പിടികൂടിയത്. വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.