ഭൂപതിവ് ഭേദഗതി അട്ടിമറിക്കാൻ നീക്കം: എൽഡിഎഫ്
1338267
Monday, September 25, 2023 10:42 PM IST
തൊടുപുഴ: നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂപതിവ് ഭേദഗതിക്ക് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് ലാൻഡ് ഫ്രീഡം മൂവ്മെന്റ് ഗവർണർക്ക് നിവേദനം നൽകിയത് നിയമം അട്ടിമറിക്കാനാണെന്ന് എൽഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ജില്ലയിലെ ഭൂപ്രശ്നം സങ്കീർണമായി തുടരണമെന്ന് ആഗ്രഹിക്കുന്ന ഇവർ കർഷകരുടെ ശത്രുക്കളാണ്. ഈ സംഘടന കൈയേറ്റ മാഫിയയുടെയും അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നവരുടെയും താത്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. നിയമത്തിനായി ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിനു മുന്‍പേ ഇതിനെതിരേ രംഗത്തിറങ്ങിയവരുടെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിയും.
മൂന്നാർമേഖലയിൽ നിർമാണങ്ങൾക്ക് എൻഒസി വേണമെന്ന 2010-ലെ ഹൈക്കോടതി ഉത്തരവിനെതിരേ 2011-ൽ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ഭൂപതിവ് നിയമം അട്ടിമറിക്കുന്നതിനായി യുഡിഎഫ് ലാൻഡ് ഫ്രീഡം മൂവ്മെന്റ് ഉൾപ്പെടെയുള്ളവരുമായി കൂട്ടുചേർന്നിരിക്കുകയാണ്.
ജില്ലയെ തമിഴ്നാടിനോടു ചേർക്കണമെന്ന് ആവശ്യപ്പെട്ട് വിഘടനവാദത്തിന് വിത്തു പാകിയവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാതിരിക്കാനാവില്ല. അമരാവതി, അയ്യപ്പൻകോവിൽ കുടിയിറക്കും അതിനെതിരേ നടന്ന സമരവും ജില്ലയിലെ ജനങ്ങൾ മറന്നിട്ടില്ല. ഇതുവരെ നൽകിയ പട്ടയങ്ങളിലെയും ഇനി നൽകാനുള്ള പട്ടയങ്ങളിലെയും കാർഷികേതര ആവശ്യങ്ങൾക്ക് ഭൂമി വിനിയോഗിക്കാൻ അവകാശം നൽകുന്ന ഭേദഗതിയുടെ ചട്ടങ്ങൾ ഉടൻ നിർമിക്കുമെന്നും നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ എൽഡിഎഫ് കണ്‍വീനർ കെ.കെ.ശിവരാമൻ, സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതിയംഗം പ്രഫ.കെ.ഐ.ആന്റണി, ജനാധിപത്യകേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് അഗസ്റ്റിൻ, കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന സെക്രട്ടറി പോൾസണ്‍ മാത്യു, സ്കറിയ തോമസ് വിഭാഗം സംസ്ഥാനസെക്രട്ടേറിയറ്റംഗം സി.ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.