ട്വിന്നിംഗ് സ്കൂള്‍ പ്രോഗ്രാം: കലഞ്ഞൂരില്‍നിന്നു കല്ലാറിലേക്ക് പഠനസംഘം എത്തി
1396060
Wednesday, February 28, 2024 2:53 AM IST
നെടുങ്കണ്ടം: പത്തനംതിട്ട കലഞ്ഞൂര്‍ സ്കൂളില്‍ നിന്നും കല്ലാര്‍ സ്കൂള്‍ സന്ദര്‍ശിക്കാന്‍ പഠനസംഘം എത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് ആരംഭിക്കുന്ന 14 മാതൃകാ വിദ്യാലയങ്ങളുടെ ട്വിന്നിംഗ് പ്രോഗ്രാം പരിപാടിയുടെ ഭാഗമായാണ് കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി ആൻഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും 42 പേരടങ്ങുന്ന വിദ്യാര്‍ത്ഥി, അധ്യാപക, രക്ഷാകര്‍തൃ സംഘം കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ കാണുന്നതിനായി എത്തിയത്.
കലഞ്ഞൂര്‍ സ്കൂളിനേയും കല്ലാര്‍ സ്കൂളിനേയും സംസ്ഥാനത്തെ മാതൃകാ വിദ്യാലയങ്ങളായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി പരസ്പരം വിദ്യാലയങ്ങള്‍ അടുത്തറിയുകയും മികവുകള്‍ പങ്കു വയ്ക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
കല്ലാര്‍ സ്കൂളില്‍ പുതുതായി നടപ്പിലാക്കിയ 13 സ്പോര്‍ട്സ് ക്യാമ്പസ് ക്ലബുകള്‍, ക്രിക്കറ്റ് അക്കാഡമിയിലെ പരിശീലന ഉപകരണങ്ങള്‍, സ്പോര്‍ട്സ് ലാബ്, മറ്റ് ലാബുകള്‍, ലൈബ്രറി എന്നിവ സംഘം സന്ദര്‍ശിച്ചു. ഇരു സ്കൂളിലെയും കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കുകയും വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.
കലഞ്ഞൂര്‍ സ്കൂളിന്റെ റോബോട്ടിക് ശാസ്ത്ര പ്രദര്‍ശനം, കരാട്ടേ പ്രകടനം, കലാരൂപങ്ങളുടെ അവതരണം എന്നിവയും നടന്നു. തുടര്‍ന്ന് രാമക്കല്‍മേടും സന്ദര്‍ശിച്ചതിന് ശേഷമാണ് സംഘം മടങ്ങിയത്.