തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്ന്
1396596
Friday, March 1, 2024 3:41 AM IST
രാജാക്കാട്: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മറ്റു കൂലിപ്പണികൾക്കു പോകാൻ സാധിക്കാത്തവരാണ് കൂടുതലും തൊഴിലുറപ്പ് ജോലികൾക്ക് ഇറങ്ങുന്നത്. ഭൂരിഭാഗം ചെറുകിട കർഷകരും കന്നുകാലി,ആട് എന്നിവയെ വളർത്തി സംരക്ഷിക്കുന്നവരും സ്വന്തം കൃഷികൾ ചെയ്തു വരുന്നവരുമാണ്.
ഇടുക്കിയിലെ കാർഷിക മേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ വിളവെടുപ്പ് അടക്കമുള്ള കൃഷി ജോലികളും ചെയ്യാനായാൽ കാർഷിക വിളകളുടെ ഉത്പാദനം വർധിക്കുകയും കൂലിച്ചെലവ് കുറയുന്നതിനാൽ കർഷകനു നല്ല ഒരു വരുമാനവും ഉണ്ടാകുകയും ചെയ്യും. തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ കാലം മുതൽ ക്ഷീരമേഖലയിൽ പണിയെടുക്കുന്നവരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നാളിതുവരെയായി അതുണ്ടായിട്ടില്ല.
കർഷകർക്ക് പ്രയോജനകരമല്ലാത്ത കോണ്ടൂർ ബണ്ട് നിർമാണം, മഴക്കുഴി, ജൈവവേലി, ഓവുചാൽ നിർമാണം, മണ്ണുകയ്യാല നിർമാണം, റോഡരികിൽ മരത്തൈ നടീൽ എന്നിവയൊക്കെയാണ് പഞ്ചായത്തുകളിലും തൊഴിലുറപ്പു പദ്ധതിയിൽ നടക്കുന്നത്. കർഷകർക്ക് ഗുണകരമാകുന്ന പണികൾ കൂടി പദ്ധതിയിൽ ചേർത്താൽ കൂടുതൽ തൊഴിലാളികൾ പണിക്കിറങ്ങുകയും അതിന്റെ 40 ശതമാനം ഫണ്ട് പഞ്ചായത്തുകൾക്കു ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ മെറ്റീരിയൽ കോസ്റ്റ് വർക്കുകൾ കൂടി ഏറ്റെടുത്ത് നടത്താനും സാധിക്കും.
ആസൂത്രണ സമിതികൾ പദ്ധതികൾ തയാറാക്കുമ്പോൾ അതത് പ്രദേശങ്ങളിലെ കർഷകർക്ക് ഗുണകരമാകുന്ന രീതിയിലുള്ള പദ്ധതികൾ ഉൾപ്പെടുത്തണം. ഇക്കാര്യങ്ങൾ തൊഴിലുറപ്പ് ഗ്രാമസഭകൾ വഴി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും കർഷകർ അറിയിച്ചു.