യുവതിയെ കെട്ടിയിട്ട് മാല മോഷ്ടിച്ചെന്ന പരാതി കെട്ടിച്ചമച്ചതെന്ന് സൂചന
1416128
Saturday, April 13, 2024 3:01 AM IST
കുമളി: കുമളിക്ക് സമീപം കൊല്ലംപട്ടടയിൽ കോളനി പ്രദേശത്ത് വീട്ടിൽ കയറിയ മോഷ്ടാക്കൾ യുവതിയെ കെട്ടിയിട്ട് സ്വർണമാല കവർന്നെന്ന കേസിൽ അടിമുടി ദുരൂഹത. വ്യാഴാഴ്ച രാവിലെ ഒന്പതോടെ മുഖംമൂടിയും കൈയുറയും ധരിച്ചെത്തിയ രണ്ടുപേർ 28 കാരിയെ ചുരിദാറിന്റെ ഷാൾ കൊണ്ട് കൈകാലുകൾ ബന്ധിച്ച് ഒന്നര പവന്റെ മാല തട്ടിയെടുത്തശേഷം യുവതിയെ കട്ടിലിനടിയിൽ തള്ളിയെന്നും വായിൽ പ്ലാസ്റ്റർ ഒട്ടിച്ചെന്നുമാണ് കേസ്.
യുവതിതന്നെ നേരിട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മാല വീട്ടിനുള്ളിൽനിന്ന് കണ്ടെത്തി. പരാതിയിൽ പന്തികേട് തോന്നിയ പോലീസ്, പോലീസ് നായയെ വാഹനത്തിൽനിന്ന് ഇറക്കിയതുമില്ല. അയൽവാസികളും അന്പരപ്പിലാണ്. ജനാലയിലൂടെ മോഷ്ടാക്കൾ രക്ഷപ്പെട്ടെന്ന് പറയുന്ന യുവതിയുടെ മൊഴികളിലും സംഭവം നടന്നതായി പറയുന്ന സമയത്തിലും ഉൾപ്പെടെ വൈരുദ്ധ്യമുണ്ട്.
വാതിൽവഴി മോഷ്ടാക്കൾക്ക് എളുപ്പം കടക്കാമെന്നിരിക്കെ കൊച്ചുകുട്ടിക്കുപോലും കടക്കാൻ പറ്റാത്ത ജനാലയിലൂടെ പ്രതികൾ കടന്നെന്നുമുള്ള യുവതിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരുമടക്കമുള്ള സംഘമാണ് പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
പരാതി വ്യാജമാണെന്നു തെളിഞ്ഞാൽ യുവതിക്കെതിരേ കേസും പോലീസിന് ചെലവായ തുക ഈടാക്കാനുമുള്ള നടപടിയും ഉണ്ടായേക്കാം. മോശം ചിത്രം ഫോണിൽ എത്തിയെന്നുള്ള യുവതിയുടെ ഒരു പരാതിയും പോലീസിന് കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. ഇതുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.