കടുത്ത വേനലിൽ പകർച്ചവ്യാധികൾ പെരുകുന്നു ഡെങ്കിപ്പനിക്കെതിരേ ജാഗ്രത വേണം
1416867
Wednesday, April 17, 2024 3:09 AM IST
തൊടുപുഴ: കടുത്ത ചൂടിനെത്തുടർന്ന് തളരുന്ന ജനങ്ങൾക്കിടയിൽ വില്ലനായി പകർച്ച വ്യാധികളും. പകർച്ചപ്പനി, ഡെങ്കിപ്പനി, ചിക്കൻ പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളാണ് വ്യാപിക്കുന്നത്. ഡെങ്കിപ്പനി കേസുകൾ ജില്ലയിൽ കൂടി വരുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഫെബ്രുവരിയിൽ 15 പേർക്കാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. എന്നാൽ ഈ മാസം പകുതിയോടെ 17 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനാൽ വേനൽക്കാലത്ത് ഡെങ്കിപ്പനിക്കെതിരേ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൊതുകുകൾ പരത്തുന്ന രോഗത്തിനു പിന്നിൽ മനുഷ്യന്റെ അശ്രദ്ധയും ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
മുറ്റത്തും, പുരയിടത്തിലും വെള്ളം കെട്ടിനിൽക്കാതെ നോക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നിവ കൊതുകുകൾ പെരുകുന്നത് തടയും. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ മഞ്ഞപ്പിത്തവും ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയിൽ നാലു പേർക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. മാർച്ചിൽ ഏഴും ഈ മാസം 11 വരെ ഏഴ് കേസുകളും റിപോർട്ട് ചെയ്തിട്ടുണ്ട്.
ഈ മാസം 25 പേർക്കാണ് ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. ഫെബ്രുവരിയിൽ 15 പേർക്കും മാർച്ചിൽ ആറ് പേർക്കും ഈ മാസം 25 പേർക്കും ചിക്കൻ പോക്സ് റിപോർട്ട് ചെയ്തു. പനി, തലവേദന എന്നീ ലക്ഷണങ്ങളോടെ തുടങ്ങി ദേഹത്ത് കുമിളകൾ ഉണ്ടാകുന്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്. രോഗബാധിതനായ ആളിന്റെ സാമീപ്യം വഴി രോഗം പകരും. കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്പോൾ തന്നെ ചികിത്സിക്കുന്നതാണ് ഉത്തമം.
വൈറൽപനി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. ഈ മാസം ഇതുവരെ 1855 പേർ വൈറൽ പനി ബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തി. ഫെബ്രുവരിയിൽ 6692 പേരും മാർച്ചിൽ 5195 പേരും പനി ബാധിച്ച് ചികിത്സ തേടി. പനി മാറിയാലും ചുമ, തലവേദന, ശരീരവേദന, തൊണ്ടവേദന, മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന സ്ഥിതിയുമുണ്ട്.
വരൾച്ച കടുത്തതോടെ ശുദ്ധജലത്തിന്റെ അഭാവം മൂലം വയറിളക്ക രോഗങ്ങൾ പിടികൂടാനുള്ള സാധ്യതയുള്ളതായി ഡോക്ടർമാർ പറയുന്നു. വേനൽ കനത്തതോടെ ജില്ലയിൽ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമായതിനാൽ ജലജന്യരോഗങ്ങൾ വ്യാപകമാകാനിടയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നു. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിയ്ക്കാൻ ഉപയോഗിക്കാവു എന്ന് ആരോഗ്യവകുപ്പധികൃതർ മുന്നറിയിപ്പു നൽകി.