പെരിയാർ അന്ത്യശ്വാസം വലിക്കുന്നു
1417103
Thursday, April 18, 2024 3:47 AM IST
ഉപ്പുതറ: കേരളത്തിലെ പ്രധാന നദികളിലൊന്നായ പെരിയാർ അന്ത്യ ശ്വാസം വലിക്കുന്നു. നേരിയ നീരൊഴുക്കു മാത്രമാണ് പെരിയാറിന്റെ ജീവൻ നിലനിർത്തുന്നത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഈ നീരൊഴുക്കും നിലയ്ക്കും. പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് വേനൽ മഴ ഇതുവരെ ലഭിച്ചിട്ടില്ല. കൈവഴികളായ ചെറുപുഴകളും തോടുകളും ഫെബ്രുവരി പകുതിയോടെ വറ്റിവരണ്ടിരുന്നു.
നീരൊഴുക്കു കുറഞ്ഞതിനാൽ അന്നു മുതൽ പെരിയാറിനെ ആശ്രയിച്ചുള്ള വലുതും ചെറുതുമായ അൻപതിലധികം കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലായിരുന്നു. ജലവിതരണം ആഴ്ചയിൽ രണ്ടു ദിവസമായി പരിമിതപ്പെടുത്തുകയും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
നീരാഴുക്കു നിലച്ചാൽ പമ്പിംഗ് നിർത്തിവയ്ക്കേണ്ടി വരുമെന്ന ആശങ്കയിലാണ് അധികൃതരും നാട്ടുകാരും. അങ്ങനെ സംഭവിച്ചാൽ പീരുമേട്, ഉടുമ്പൻചോല , ഇടുക്കി താലൂക്കുകളിലെ പതിനായിരക്കണക്കിന് കുടുംബങ്ങൾ ശുദ്ധജലത്തിന് മറ്റു വഴികൾ തേടേണ്ടിവരും.
ഹൈറേഞ്ചിലെ രണ്ടു മാസം മുൻപു മുതൽ ഉയർന്ന പ്രദേശങ്ങളെല്ലാം കടുത്ത കുടിവെള്ള ക്ഷാമത്തിലാണ്. കിലോമീറ്ററുകൾ താണ്ടിയാണ് ഇവർ ഇപ്പോൾ കുടിവെള്ളം ശേഖരിക്കുന്നത്. ദൂരെ സ്ഥലങ്ങളിലുള്ളവർ അലക്കാനും കുളിക്കാനും പെരിയാറിനെയാണ് ആശ്രയിക്കുന്നത്.
നീരൊഴുക്കു നിലയ്ക്കുന്നതോടെ ഇവരും പ്രതിസന്ധിയിലാകും.1986 ലാണ് ഇതിനു മുന്പ് പെരിയാർ ഇതുപോലെ വറ്റിവരണ്ടത്. അന്നു രണ്ടു മാസത്തോളം പെരിയാറിൽ നീരൊഴുക്ക് ഉണ്ടായിരുന്നില്ല. അതിനിടെ നിർവഹണത്തിലെ അനാസ്ഥയും അശാസ്ത്രീയതയും മൂലം നിരവധി പദ്ധതികൾ പാതിവഴിയിൽ നിശ്ചലമായതും ഹൈറേഞ്ചിലെ കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത വർധിപ്പിച്ചു.
ഇനി മഴ പെയ്താലും രക്ഷിച്ചെടുക്കാൻ കഴിയാത്ത വിധം ഏലം, കുരുമുളക്, കാപ്പി അടക്കമുള്ള കാർഷിക വിളകളെല്ലാം കരിഞ്ഞുണങ്ങി.